
ജഡ്ജിയുടെ വീട്ടിലെ നോട്ടുകെട്ടുകള്‍; മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു
ഡല്‍ഹി ഹൈക്കോടതിയിലെ രണ്ടാമനായ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ സുപ്രീംകോടതി വീഡിയോയും മൂന്ന് ഫോട്ടോകളും അടക്കമുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടു.
ഒരു മുറിയില്‍ നിന്നും പകുതി കത്തിയ നോട്ടുകെട്ടുകള്‍ ഒരു ഫയര്‍മാന്‍ എടുക്കുന്നത് വീഡിയോയിലും ഫോട്ടോഗ്രാഫുകളിലും ദൃശ്യമാണ്.
വര്‍മ്മയുടെ ബംഗ്ലാവിലെ മുറിയില്‍ നിന്നും പണം കണ്ടെത്തിയതില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാദ്ധ്യായ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത് റിപ്പോര്‍ട്ടിലുണ്ട്.
മാര്‍ച്ച് 14ന് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ അണയ്ക്കുന്നതിനായി എത്തിയ അഗ്നിശമന സേന വിഭാഗമാണ് പണം കണ്ടെത്തിയത്. തീപിടിത്തം ഉണ്ടായപ്പോള്‍ താന്‍ ഭോപാലില്‍ ആയിരുന്നുവെന്ന് ജഡ്ജി പറഞ്ഞു.
താനോ കുടുംബാംഗങ്ങളോ സ്റ്റോര്‍ മുറിയില്‍ പണം വച്ചിട്ടില്ലെന്ന് വര്‍മ്മ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മറുപടി നല്‍കി. പണം തങ്ങളുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും വ്യത്യസ്തമായി തന്റെ വീടിന്റെ ഭാഗമല്ലാത്ത മുറിയില്‍ നിന്നുമാണ് പണം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തുറന്ന് കിടക്കുന്ന മുറിയാണെന്നും മുന്‍വശത്തെ ഔദ്യോഗിക ഗേറ്റിലൂടെയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ പിന്‍വാതിലിലൂടെയും ഈ മുറിയിലേക്ക് പ്രവേശനം ഉണ്ടെന്ന് വര്‍മ്മ പറഞ്ഞു. വര്‍മ്മയും കുടുംബവും ഉപയോഗിക്കുന്ന ഇടത്തുനിന്നും പണം കണ്ടെത്തിയിട്ടില്ലെന്നത് പരിഗണിക്കണമെന്ന് ഉപാദ്ധ്യായയോട് അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീംകോടതി വര്‍മ്മയ്‌ക്കെതിരായ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസ് ജിഎസ് സാന്താവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജിയും മലയാളിയുമായ അനു ശിവരാമന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
വര്‍മ്മയ്ക്ക് ജുഡീഷ്യല്‍ ജോലികള്‍ നല്‍കുന്നതും സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.