
ജാതി അധിക്ഷേപവും ഹണി ട്രാപ്പും: ക്രിസ് ഗോപാലകൃഷ്ണനെതിരെ എസ് സി-എസ്ടി നിയമം അനുസരിച്ച് കേസ്
ഇന്‍ഫോസിസ് സഹസ്ഥാപകനായ എസ് ക്രിസ് ഗോപാലകൃഷ്ണനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ 17 പേര്‍ക്കുമെതിരെ കര്‍ണാടക പൊലീസ് പട്ടിക ജാതി/ പട്ടിക വര്‍ഗ അതിക്രമ നിയമപ്രകാരം കേസെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകന്‍ നല്‍കിയ പരാതിയിലാണ് കേസ്. തന്നെ വ്യാജ ഹണി ട്രാപ്പില്‍ കേസില്‍പ്പെടുത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്താക്കിയെന്നും അധ്യാപകന്‍ ആരോപിച്ചു.
സുസ്ഥിര സാങ്കേതിക വിദ്യകള്‍ക്കായുള്ള കേന്ദ്രത്തില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പ്രൊഫ ഡി സന്ന ദുര്‍ഗപ്പയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പട്ടിക ജാതി വിഭാഗമായ ബോവി സമുദായത്തില്‍പ്പെടുന്ന വ്യക്തിയാണ് ദുര്‍ഗപ്പ. കുറ്റാരോപിതര്‍ തന്നെ 2014ല്‍ വ്യാജ ഹണി ട്രാപ് കേസില്‍പ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ, തന്നെ ജാതീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യ വിശ്വവാരിയ, ഹരി കെ വി എസ്, ദാസപ്പ, ബല്‍റാം പി, ഹേമലത മിഷി, ചതോപാദ്ധ്യായ കെ, പ്രദീപ് ഡി സവക്കര്‍, മനോഹരന്‍ എന്നിവര്‍ ഈ കേസില്‍ പ്രതികളാണ്.