
ജാതി സെന്‍സസ്: എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ്
ജാതി സെന്‍സസ് വിഷയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതി. സെന്‍സസില്‍ തെലങ്കാന മാതൃക പിന്തുടരണമെന്നും മോഡിയോട് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതും ബിജെപി എതിര്‍ത്തിരുന്നതുമായ ജാതി സെന്‍സസ് നടത്താന്‍ മോഡി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച്ചയിലാണ് തീരുമാനിച്ചത്.
അന്തിമ ജാതി സെന്‍സസില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ഒളിപ്പിച്ചു വയ്ക്കരുതെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ഓരോ ജാതിയുടേയും സാമൂഹിക, സാമ്പത്തിക വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വയ്ക്കണമെന്നും അദ്ദേഹം മോഡിയോട് ആവശ്യപ്പെട്ടു. ഭരണഘടനാ ഭേദഗതി ചെയ്ത് സംവരണ പരിധി 50 ശതമാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.
സെന്‍സസിലെ ചോദ്യാവലി രൂപകല്‍പന ചെയ്യുന്നതിലെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കത്തില്‍ ഊന്നിപ്പറയുന്നു. ഇതിന് തെലങ്കാന മാതൃക സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ സംവരണ നിയമം ഭരണഘടനയിലെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നത് പോലെ മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഖാര്‍ഗെ കത്തില്‍ ആവശ്യപ്പെട്ടു. ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നിയമങ്ങളെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനാകില്ല.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ, ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം 15 (5) നടപ്പിലാക്കണമെന്ന ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു.


