TMJ
searchnav-menu
post-thumbnail

Representatioal Image: PTI

TMJ Daily

ഓക്‌സ്ഫാം ഇന്ത്യയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

20 Apr 2023   |   2 min Read
TMJ News Desk

ഗോള സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം ഇന്ത്യയ്‌ക്കെതിരെ സിബിഐ കേസെടുത്തു. വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് ആഗോള സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമിന്റെ ഇന്ത്യന്‍ വിഭാഗത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010 ലെ എഫ്‌സിആര്‍എയുടെ വ്യവസ്ഥകള്‍ ലംഘിച്ച് മറ്റ് എന്‍ജിഒകള്‍ക്ക് ഫണ്ട് കൈമാറിയെന്നാണ് ആരോപണം. 1.5 കോടി രൂപ നേരിട്ട് വിദേശത്തുനിന്ന് ഓക്‌സ്ഫാം സ്വീകരിച്ചുവെന്ന് സിബിഐ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഓക്‌സ്ഫാം ഇന്ത്യയുടെ എഫ്‌സിആര്‍എ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 നും 2016 നും ഇടയില്‍ വിദേശത്തുനിന്ന് ഓക്‌സ്ഫാമിന് 1.5 കോടി രൂപ നേരിട്ട് ലഭിച്ചുവെന്നാണ് സിബിഐ ആരോപിക്കുന്നത്. നിയമങ്ങള്‍ ലംഘിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓക്‌സ്ഫാം ഇന്ത്യ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് വഴി 12.7 ലക്ഷം രൂപ അയച്ചതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഓക്‌സ്ഫാം ഇന്ത്യയുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഇ-മെയിലുകള്‍ സിബിഐ കണ്ടെത്തിയിരുന്നു. വിദേശ സര്‍ക്കാരുകളും സ്ഥാപനങ്ങളും മുഖേന എഫ്‌സിആര്‍എ പുതുക്കുന്നതിനായി ഓക്‌സ്ഫാം ഇന്ത്യ, ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ പദ്ധതിയിട്ടതായുള്ള തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. 37 പേജുകളുള്ള എഫ്‌ഐആറില്‍ ബ്രിട്ടീഷ് പൗരനായ ബന്‍വാരി ലാല്‍ ഓക്‌സ്ഫാം ഇന്ത്യയ്ക്ക് വിറ്റ നാലുകോടി രൂപയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, നാലു കോടിയെ രണ്ടുകോടി രൂപയായാണ് രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

സംഭവത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഓക്‌സ്ഫാം ഇന്ത്യ അറിയിച്ചു. പൂര്‍ണമായും ഇന്ത്യന്‍ നിയമത്തിന് അനുസൃതമായാണ് സംഘടനയുടെ പ്രവര്‍ത്തനമെന്ന് ഓക്‌സ്ഫാം ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. തുടക്കം മുതല്‍ എഫ്‌സിആര്‍എ റിട്ടേണുകള്‍ ഉള്‍പ്പെടെ കൃത്യസമയത്ത് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഓക്‌സ്ഫാം ഇന്ത്യ വ്യക്തമാക്കി. എന്നാല്‍, വിദേശ സംഭാവന റെഗുലേഷന്‍ ഭേദഗതി നിയമം നിലവില്‍ വന്നതിനു ശേഷവും ഓക്‌സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങള്‍ക്ക് വിദേശ സംഭാവനകള്‍ കൈമാറിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

വിദേശ ഫണ്ടിങ്ങ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സംഘടനയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. 2021 ഡിസംബറില്‍ ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇതില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ മാസം ആദ്യം ഓക്‌സ്ഫാം ഇന്ത്യ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചും, അതില്‍ സമ്പന്നരുടെ ഇടപെടലിനെ കുറിച്ചും ഓക്‌സ്ഫാം ഇന്ത്യ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ 40.5 ശതമാനം വരുന്ന സമ്പത്തിന്റെ ഒരു ശതമാനം സമ്പന്നരുടെ കൈവശമാണെന്നായിരുന്നു പരാമര്‍ശം. രാജ്യത്തിന്റെ സ്വത്ത് വിരലിലെണ്ണാവുന്ന സമ്പന്നര്‍ കയ്യടക്കി വച്ചിരിക്കുകയാണ്. ഇത് ദൈനംദിന ചെലവ് നികത്താനാവാതെ പ്രതിസന്ധിയിലായ ഓരോ ഇന്ത്യന്‍ ജനതയ്ക്ക് വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അംബാനി, അദാനി തുടങ്ങിയ സമ്പന്നന്മാരെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. 

വിദേശ സംഭാവന റെഗുലേഷന്‍ ഭേദഗതി നിയമം

2011 മെയ് ഒന്നിനാണ് വിദേശ സംഭാവന നിയന്ത്രണ നിയമം നിലവില്‍ വന്നത്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന വ്യക്തികളോ എന്‍ജിഒകളോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ശാഖയിലെ അക്കൗണ്ടിലൂടെ മാത്രമാണ് സംഭാവന സ്വീകരിക്കാനാവുക. ആ ഫണ്ട് എന്തിനാണോ ലഭിച്ചത് അതിനു വേണ്ടി തന്നെ ഉപയോഗിക്കണം. സംഭാവന മറ്റൊരു വ്യക്തിക്ക് കൈമാറാന്‍ പാടില്ല. 

ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍

ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി 1942 ല്‍ ബ്രിട്ടണിലാണ് ഓക്‌സ്ഫാം സ്ഥാപിതമായത്. 21 സ്വതന്ത്ര സന്നദ്ധസംഘടനകളുടെ കൂട്ടായ സംരംഭമാണ് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍. യുകെയിലെ ഓക്‌സ്‌ഫോഡാണ് ഓക്‌സ്ഫാമിന്റെ ആസ്ഥാനം. ദാരിദ്ര്യം, അസമത്വം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സ്ഫാമിന്റെ ആഗോള കോണ്‍ഫെഡറേഷന്റെ ഭാഗമാണ് ഓക്‌സ്ഫാം ഇന്ത്യ. 

ഇന്ത്യയില്‍ ഓക്‌സ്ഫാം പ്രവൃത്തിക്കുന്നത് ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഒഡീഷ, അസം സംസ്ഥാനങ്ങളിലാണ്. 2013 ല്‍ ഇന്ത്യന്‍ കമ്പനീസ് ആക്ടിന്റെ സെഷന്‍ എട്ട് പ്രകാരം ലാഭേച്ഛയില്ലാതെ പ്രവൃത്തിക്കുന്ന ചാരിറ്റബിള്‍ സ്ഥാപനമായി ഓക്‌സ്ഫാം രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അസം, ബിഹാര്‍, കേരളം, ഉത്തര്‍പ്രദേശ്, കാശ്മീര്‍, മണിപ്പൂര്‍, ഗുജറാത്ത്, തമിഴ്‌നാട്, ഒഡീഷ, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളിലും ഓക്‌സ്ഫാം സമഗ്രമായി ഇടപെട്ടിരുന്നു. കൂടാതെ കാര്‍ഗില്‍ യുദ്ധം, മുസാഫര്‍ നഗര്‍ കലാപം, കൊക്രജാര്‍ അക്രമം എന്നിങ്ങനെ രാജ്യത്തിനു വെല്ലുവിളി ഉയര്‍ത്തിയ പ്രതിസന്ധിഘട്ടത്തിലും ഓക്‌സ്ഫാം സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു. എഫ്‌സിആര്‍എ ലംഘനം ആരോപിച്ച് ഒരു മാസത്തിനകം ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത രണ്ടാമത്തെ എന്‍ജിഒയാണ് ഓക്‌സ്ഫാം ഇന്ത്യ.

#Daily
Leave a comment