പ്രബീര്‍ പുരകായസ്ത
ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്ത് സിബിഐ; എഡിറ്ററുടെ വീട്ടിലും ഓഫീസിലും റെയ്ഡ്
ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് വിദേശഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിനെതിരെ സിബിഐയും കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശ നിക്ഷേപ നിയന്ത്രണ നിയമത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസിലും എഡിറ്ററുടെ വസതിയിലും അന്വേഷണസംഘം പരിശോധന നടത്തി.
വിദേശ സംഭാവന നിയന്ത്രണനിയമം (എഫ്‌സിആര്‍എ) ലംഘിച്ചെന്ന് ആരോപിച്ചാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് പരിശോധന നടത്തിയത്. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി കോടതി 10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെയാണ് സിബിഐ അന്വേഷണം. ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ചാണ് ഇരുവരെയും ഈ മാസം മൂന്നിനാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റു ചെയ്തത്.
ആരോപിക്കുന്നത് ഗുരുതര കുറ്റങ്ങള്‍
പ്രബീര്‍ പുരകായസ്തയ്‌ക്കെതിരെ ഡല്‍ഹി പോലീസ് ആരോപിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ച് ഇന്ത്യന്‍ ഭൂപടത്തില്‍ നിന്നും കശ്മീരിനെ ഒഴിവാക്കാന്‍ പ്രബീര്‍ പുരകായസ്ത പദ്ധതിയിട്ടുവെന്നും ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും തകര്‍ക്കാന്‍ പുരകായസ്തയും കൂട്ടാളികളും ശ്രമിച്ചു എന്നുമാണ് എഫ്‌ഐആറില്‍ ഡല്‍ഹി പോലീസ് പറയുന്നത്.
ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരെ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അറസ്റ്റ് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ന്യൂസ് ക്ലിക്ക് എഡിറ്ററേയും എച്ച്.ആര്‍ മേധാവിയെയും അറസ്റ്റ് ചെയ്തതില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഒരു മാസത്തോളം മാധ്യമപ്രവര്‍ത്തകരെ പിന്തുടര്‍ന്നും നിരീക്ഷിച്ചും നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് എന്നാണ് ആരോപണം. സംഭവത്തിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, കെയുഡബ്ല്യുജെ, ഡിയുജെ എന്നീ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
ആരോപണങ്ങള്‍ നിഷേധിച്ച് ന്യൂസ് ക്ലിക്ക്
ചൈനീസ് അജന്‍ഡ പ്രചരിപ്പിക്കാന്‍ യുഎസ് വ്യവസായി നെവില്‍ റോയ് സിംഗാമില്‍ നിന്ന് 38 കോടി കൈപ്പറ്റി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ പൊലീസിന്റെ ആരോപണങ്ങള്‍ ന്യൂസ് ക്ലിക്ക് നിഷേധിച്ചു. ചൊവ്വാഴ്ചയാണ് ഇന്ത്യാവിരുദ്ധ പ്രചാരണത്തിനായി ചൈനീസ് ഫണ്ട് കൈപ്പറ്റി എന്നാരോപിച്ച് ഭീകരവിരുദ്ധ നിയമമായ യുഎപിഎ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം ഡല്‍ഹി പോലീസ് ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവച്ചത്. സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ അടക്കം 30 കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം പരിശോധന നടത്തിയതിനു പിന്നാലെയായിരുന്നു നടപടി.