Representational Image: PTI
സുപ്രീംകോടതി നിര്‍ദ്ദേശിച്ചാല്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ
സുപ്രീംകോടതി ഉത്തരവിട്ടാല്‍ ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ. ഇതു സംബന്ധിച്ച് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. പി.എല്‍ ജേക്കബ് എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ കൊച്ചി യൂണിറ്റ് എസ്പി എ. ഷിയാസാണ് നിലപാടറിയിച്ചത്. രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.
വെളിപ്പെടുത്തലുകളുടെ തുടക്കം
സംസ്ഥാനത്ത് അടഞ്ഞു കിടന്ന 418 ബാറുകള്‍ തുറക്കാന്‍ അഞ്ചുകോടി രൂപ അന്ന് ധനമന്ത്രിയായിരുന്ന കെഎം മാണി ആവശ്യപ്പെട്ടു എന്നതാണ് കേസ്. 2014 ല്‍ കെഎം മാണിക്ക് ഒരുകോടി രൂപ കൈക്കൂലി നല്‍കിയതായും കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു. 2015 ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ.ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും, ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരുകോടി രൂപ കൈപ്പറ്റിയിരുന്നു. രണ്ട് ഗഡുക്കളായി തുക എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ വച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപയും, ആരോഗ്യ മന്ത്രിയായിരുന്ന വിഎസ് ശിവകുമാറിന് ഇരുപത്തി അഞ്ചുലക്ഷം രൂപയും, എക്‌സൈസ് മന്ത്രി കെ ബാബുവിന് അമ്പതുലക്ഷം രൂപയും കൈമാറിയിരുന്നതായി 2020 ല്‍ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നുവെന്നും സിബിഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്ങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ പത്തുകോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തതായും ബിജു രമേശ് ആരോപിക്കുന്നു. കെപിസിസി ഓഫീസിലേക്ക് രണ്ടുകോടി രൂപ നല്‍കിയതായും 2020 ല്‍ ബിജു രമേശ് വെളിപ്പെടുത്തിയതായി സിബിഐ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
വഴിമാറ്റിയ ഉന്നത ഇടപെടലുകള്‍
ബാര്‍ ഉടമയായ ബിജു രമേശ് മാധ്യമങ്ങളോടു നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. ആരോപണവിധേയര്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍ ആയതിനാല്‍ പോലീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം ഫലപ്രദമാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചത്. അതേസമയം, കെഎം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്ങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കുന്നു.