വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ആശുപത്രികളില്‍ ഇന്ധനം ലഭിച്ചിട്ടില്ലെന്ന് പരാതി
ഇസ്രയേല്‍ പലസ്തീനെതിരെ ആക്രമണം ആരംഭിച്ച് 52 ദിവസം പൂര്‍ത്തിയാവുകയാണ്. ഇതിനിടയില്‍ നാലു ദിവസം വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലായത് വളരെ ആശ്വാസകരമായ നടപടിയാണ്. എന്നാല്‍ വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ വെടിനിര്‍ത്തല്‍ സമയത്തും ഇന്ധനം ഉള്‍പ്പെടെയുള്ള സഹായം ലഭിച്ചിട്ടില്ല എന്ന് ആശുപത്രികളുടെ ജനറല്‍ മാനേജര്‍ പറയുന്നു. വെടിനിര്‍ത്തലിന്റെ നാലാം ദിവസമാണ് ഇന്ന്. വെടിനിര്‍ത്തല്‍ അവസാനിക്കുന്നതോടെ വീണ്ടും ആക്രമണം ശക്തമാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.
വെടിനിര്‍ത്തലിനിടെയും ആക്രമണം
വെടിനിര്‍ത്തല്‍ കരാര്‍ അവസാന മണിക്കൂറുകളിലൂടെ കടന്നു പോകുമ്പോള്‍ സൈനിക നടപടികള്‍ നിര്‍ത്തി വെക്കണം എന്ന ആവശ്യം പല ഭാഗങ്ങളില്‍ നിന്നായി ഉയരുന്നുണ്ട്. ഹമാസിന്റെ ഭാഗത്തു നിന്നും ഇത്തരം ഒരാവശ്യം ഉണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയും രണ്ടു മുതല്‍ നാല് ദിവസം വരെ വെടിനിര്‍ത്തല്‍ തുടരാനുള്ള സന്നദ്ധത ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇതിന് തയ്യാറാവുമോ എന്ന കാര്യം സംശയമാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പലയിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മഗസി അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതിനാല്‍ നിലവിലുള്ള താത്കാലിക വെടിനിര്‍ത്തല്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഉതകുന്നതല്ല എന്ന് ഖത്തറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഇബ്രാഹിം അബുഷരീഫി പറയുന്നു.
വെടി നിര്‍ത്തലിന്റെ മൂന്നാം ദിവസമായ ഇന്നലെ 13 ഇസ്രയേല്‍ ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചു. ഇതോടെ മോചനം നേടിയ ബന്ദികളുടെ എണ്ണം 58 ആയി. ഇസ്രയേല്‍ മോചിപ്പിച്ചത് 117 പലസ്തീന്‍ തടവുകാരെയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 14,854 ലധികം മനുഷ്യരാണ്.