
വെടിനിർത്തൽ; ക്രിമിയ പോലുള്ള പ്രദേശങ്ങളുടെ മേലുള്ള അവകാശം കൈവിടാനൊരുങ്ങി സെലൻസ്കിയെന്ന് ഇറ്റാലിയൻ പത്രം
യുക്രൈന്റെ ഭാഗത്ത് നിന്നും വെടിനിർത്തലിനുള്ള യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ്. ഇറ്റലിയിലെ ദിനപത്രമായ കൊറിയറെ ഡെല്ല സെറ എന്ന പത്രം യുദ്ധവിരാമത്തിനായി യുക്രൈൻ നീങ്ങുന്നുവെന്ന് റിപ്പോർട്ട് ചെയ്തതിന് പുറകെയാണ് പെസ്കോവിന്റെ പ്രതികരണം.
നീതിപൂർവമായ സമാധാന ഉടമ്പടിക്ക് യുക്രൈനിന്റെ പക്കൽ വ്യക്തമായ ‘സമാധാന ഫോർമുല’യുണ്ടെന്ന് വ്ലോദിമിർ സെലെൻസ്കിയുടെ കമ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് പ്രതികരിച്ചു.
യുക്രൈൻ സൈന്യത്തിന്റെ ശേഷി കുറഞ്ഞു വരുന്നതിനാലാണ് റഷ്യയ്ക്കെതിരായ സെലൻസ്കിയുടെ നിലപാടുകളിൽ അയവു വന്നതെന്നും ഇറ്റാലിയൻ പത്രം പറയുന്നു.
റഷ്യയുടെ പൂർണനിയന്ത്രണത്തിലോ അല്ലെങ്കിൽ ഭാഗിക നിയന്ത്രണത്തിലോ ഉള്ള ഡൊണറ്റ്സ്ക്, ലുഗാൻസ്ക്, സപോറോഷ്യെ, ഖേഴ്സൺ പ്രദേശങ്ങൾക്ക് പുറമെ , ക്രിമിയയുടെ മേലുള്ള ഉക്രൈന്റെ അവകാശവാദവും ഉപേക്ഷിക്കാൻ രാഷ്ട്രീയ കാരണങ്ങളാൽ സെലെൻസ്കി തയ്യാറാണെന്ന് ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു.
പുതിയ അതിർത്തികൾ നിശ്ചയിക്കാത്ത പക്ഷം, പടിഞ്ഞാറൻ പ്രദേശങ്ങളിൽ ചില വിട്ടുവീഴ്ചകൾക്ക് റഷ്യ തയ്യാറായാൽ സെലെൻസ്കി വെടിനിർത്തലിന് തയ്യാറാവുമെന്നും പത്രം പറയുന്നു
ജപ്പാനും, ഫിലിപ്പീൻസിനും, ദക്ഷിണ കൊറിയയ്ക്കും നൽകിയ തരത്തിലുള്ള സുരക്ഷാ ഉറപ്പുകൾ യുക്രൈനിന് യുഎസിൽ നിന്നു ലഭിച്ചാൽ അതിനോട് വഴങ്ങാൻ യുക്രൈൻ തയ്യാറാവുമെന്നും വാർത്തയിൽ പറയുന്നു . ഇറ്റലി, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നും യുക്രൈയിനിന് യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ഉറപ്പ് ലഭിക്കുമെന്നും സെലെൻസ്കി പ്രതീക്ഷിക്കുന്നു.