വൈദികര്‍ക്ക് ബ്രഹ്മചര്യം അനിവാര്യമല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ
കത്തോലിക്ക വൈദികര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമല്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. "ഒരു വൈദികന്‍ വിവാഹം കഴിക്കുന്നതില്‍ വൈരുദ്ധ്യമൊന്നുമില്ല. പാശ്ചാത്യ സഭയില്‍ ബ്രഹ്മചര്യം ഒരു താല്‍ക്കാലിക കല്‍പ്പന മാത്രമാണ്", അര്‍ജന്റീനയില്‍ നിന്നുള്ള Infobae എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തി. "വൈദികനായി അഭിഷേകം ചെയ്യുന്ന പോലെ അനന്തമായ, എല്ലാക്കാലത്തേക്കുമുള്ള ഒന്നല്ല അത്. നിങ്ങള്‍ അത് (വൈദികവൃത്തി) ഉപേക്ഷിച്ച് പോവുകയോ, പോവതാരിക്കുകയോ എന്നത് മറ്റൊരു വിഷയമാണ്. പക്ഷേ അത് എല്ലാകാലത്തേക്കുമുള്ളതാണ്. ബ്രഹ്മചര്യം അതേ സമയം ഒരു അച്ചടക്കം മാത്രമാണ്." അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ നിലപാടില്‍ നിന്നുള്ള വ്യതിയാനമാണ് ഇപ്പോഴത്തെ അഭിപ്രായമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദികരുടെ ക്ഷാമം പരിഹരിക്കുന്നതിനായി വിവാഹിതരെ വൈദികരായി അഭിഷേകം ചെയ്യാന്‍ അനുവദിക്കണമെന്ന ആമസോണിലെ കത്തോലിക്ക സഭയുടെ 2020 ലെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് മാര്‍പാപ്പ നിരാകരിച്ചിരുന്നു. കൂടുതല്‍ പേരെ വൈദികവൃത്തി ഏറ്റെടുക്കുന്നതിന് പ്രേരിപ്പിക്കുന്ന പ്രാര്‍ത്ഥനകളില്‍ മെത്രാന്മാരും, വൈദികരും ഏര്‍പ്പെടണമെന്നായിരുന്നു അന്നത്തെ മാര്‍പാപ്പയുടെ സന്ദേശം. വൈദികരുടെ ക്ഷാമം മൂലം ആമസോണിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് ചിലപ്പോള്‍ മാസങ്ങളോളം കുര്‍ബാന അര്‍പ്പിക്കാതെ കഴിയേണ്ട സാഹചര്യമാണുള്ളത്. വൈദികരുടെ ക്ഷാമം പരിഹരിക്കുന്നതിന് ആഫ്രിക്കയില്‍ നിന്നും വൈദികരെ ഇറക്കുമതി ചെയ്യുകയാണ് അമേരിക്ക.
കത്തോലിക്ക വൈദികര്‍ക്ക് ബ്രഹ്മച്രര്യം നിര്‍ബന്ധമാക്കുന്ന നയം പുനഃപരിശോധിക്കണമെന്ന് ജര്‍മ്മന്‍ കത്തോലിക്ക സഭ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മന്‍ സഭയുടെ സിനഡല്‍ അസംബ്ലി യോഗമാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്. കത്തോലിക്ക സഭയില്‍ മാത്രമല്ല ആഗോളതലത്തില്‍ പൊതുസമൂഹത്തിലാകെ ചര്‍ച്ചക്ക് വഴിതെളിക്കുന്ന തരത്തിലുള്ള വിപ്ലവകരമായ നിര്‍ദ്ദേശങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും, ജര്‍മ്മന്‍ സഭയും മുന്നോട്ടു വച്ചിട്ടുള്ളത്. ഒക്ടോബറില്‍ റോമില്‍ ചേരുന്ന റോമന്‍ കത്തോലിക്ക സഭയുടെ ആഗോള സിനഡിലും ജര്‍മ്മന്‍ സഭ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നതാണ്.
കുര്‍ബാനയടക്കമുള്ള സഭ ശുശ്രുഷകള്‍ നടത്താന്‍ അവസരമൊരുക്കുന്ന ഡീക്കന്‍ പദവി സ്‌ത്രീകള്‍ക്ക് നല്‍കണമെന്നതാണ് ജര്‍മന്‍ സിനഡ് അസംബ്ലിയിലെ മറ്റൊരു സുപ്രധാന നിര്‍ദ്ദേശം. സ്വവര്‍ഗരതിയെ മനുഷ്യരുടെ ഇടയിലെ സ്വാഭാവിക വ്യതിയാനമായി പരിഗണിക്കുക, അത്തരത്തിലുള്ള വ്യക്തികള്‍ ഒരുമിച്ച് ജീവിയ്‌ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അനുഗ്രഹിക്കുക, ഭിന്നലൈംഗീക വിഭാഗത്തിലുള്ളവർ ആത്മീയമായി അനുഭവിക്കുന്ന അതിക്രമങ്ങളെ തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള കുട്ടികളുടെ ജെന്‍ഡര്‍ കോളം മാമ്മോദിസ വേളയില്‍ ഒഴിച്ചിടുക, പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി അധികാരസ്ഥാനങ്ങളില്‍ വേണ്ട അഴിച്ചുപണികള്‍ നടത്തുക, സുവിശേഷ വിഷയങ്ങളില്‍ വിശുദ്ധരും, പ്രഗത്ഭരുമായ അല്‍മായരെ പള്ളികളില്‍ വചനപ്രഘോഷണം നടത്താന്‍ അനുവദിക്കുക എന്നിവയാണ് ജര്‍മന്‍ സിനഡ് അസ്സംബ്ലിയിലെ മറ്റുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍. കഴിഞ്ഞ 32 വര്‍ഷക്കാലയളവില്‍ ജര്‍മ്മന്‍ സഭയില്‍ നിന്നും 26 ലക്ഷത്തോളം വിശ്വാസികള്‍ വിട്ടുപോയതായി കണക്കാക്കപ്പെടുന്നു.