
സെന്‍സസ് ഉടനടി നടത്തണം; കേന്ദ്രത്തോട് കോണ്‍ഗ്രസ്
സെന്‍സസ് നടത്തുന്നതിലെ കാലതാമസം മൂലം വലിയൊരു പങ്ക് ആളുകളും ക്ഷേമപദ്ധതികളില്‍നിന്നും പുറന്തള്ളപ്പെടുകയാണെന്നും അതിനാല്‍ പത്തുവര്‍ഷം കൂടുമ്പോള്‍ നടത്തേണ്ടിയിരുന്ന സെന്‍സസും ജാതി സെന്‍സസും എത്രയും വേഗം നടത്തണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
1881 മുതല്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും സെന്‍സസ് നടത്തിയിരുന്നുവെന്ന് രാജ്യസഭയിലെ ശൂന്യവേളയില്‍ അദ്ദേഹം പറഞ്ഞു. പുതിയ സെന്‍സസ് നടത്തുന്നതിലെ കാലതാമസം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധകാലത്തും അടിയന്തരാവസ്ഥയിലും മറ്റ് പ്രതിസന്ധികളിലും ഇത് നടന്നിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 1931ല്‍ പതിവ് സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നമ്മുടെ ആരോഗ്യം പരിശോധിക്കാന്‍ നമുക്ക് കാലാകാലങ്ങളില്‍ മെഡിക്കല്‍ പരിശോധന ആവശ്യമാണെന്നും അതുപോലെ രാജ്യത്തിനുവേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പരിശോധനയാണ് സെന്‍സസ് എന്നും ഗാന്ധിജി 1931ല്‍ പറഞ്ഞത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്തും 1971-72ലെ ഇന്ത്യാ-പാക് യുദ്ധസമയത്തും സെന്‍സസ് നടത്തിയിരുന്നു. എന്നാല്‍ ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ റെക്കോര്‍ഡ് കാലതാമസം വരുത്തിയിരിക്കുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു.