
അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പയായി കേരളത്തിന് 1059 കോടി അനുവദിച്ച് കേന്ദ്രം; 50 വർഷത്തിനുള്ളിൽ തിരിച്ചടക്കണം
അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളത്തിന് 1059 കോടി രൂപ വായ്പയായി കേന്ദ്രസർക്കാർ അനുവദിച്ചു. അമ്പത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്ന സംസ്ഥാന മൂലധന നിക്ഷേപ പദ്ധതി (കാപ്എക്‌സ്)യുടെ കീഴിലാണ് വായ്പ നൽകുന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതി, കൊച്ചി മെട്രോ റെയില്‍ പദ്ധതി ഉൾപ്പെടെയുള്ള വികസനങ്ങൾക്കാണ് തുക നൽകുന്നത്. ഇതിൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി നീക്കിവെച്ചത് 795 കോടി രൂപയാണ്. 2024 -2025 സാമ്പത്തിക വർഷത്തേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കേരളത്തിന് അനുവദിച്ചിരിക്കുന്ന വായ്പ വികസനത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. തുക ഉപയോഗിക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങളും കേന്ദ്രം നൽകിയിട്ടുണ്ട്. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളം ഉൾപ്പെടെയുള്ള 15 സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ ലഘൂകരണം, ശേഷിവർദ്ധിപ്പിക്കൽ പദ്ധതികൾക്കായി 1115 കോടി രൂപയുടെ ഫണ്ടാണ് കേന്ദ്രസർക്കാർ ഈയിടെയായി അനുവദിച്ചത്. അതിൽ കേരളത്തിന് 72 കോടിയാണ് ലഭിക്കുക. എന്നാൽ വയനാടിന് വേണ്ടി കേരളം നിരന്തരം ധനസഹായം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ദുരന്തം നാശം വിതച്ച മറ്റ് സംസ്ഥാനങ്ങൾക്ക് ആവശ്യപ്പെടാതെ തന്നെ കേന്ദ്രം ധനസഹായം അനുവദിച്ചിരുന്നു.


