TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപിന്റെ തീരുവകള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കുന്നുവെന്ന് കേന്ദ്രം

03 Apr 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ പകരത്തിനുപകരമുള്ള തീരുവയുടെ അനന്തരഫലങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വം പരിശോധിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വ്യവസായ, കയറ്റുമതി രംഗത്തുള്ളവര്‍ അടക്കം എല്ലാവരുമായി സംവദിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയുടെ മേല്‍ യുഎസ് 27 ശതമാനം പകരത്തിനുപകരമുള്ള തീരുവ ചുമത്തി മണിക്കൂറുകള്‍ കഴിഞ്ഞശേഷമാണ് കേന്ദ്രത്തിന്റെ പ്രതികരണം ഉണ്ടായത്.

യുഎസ് വ്യാപാര നയത്തിലെ പുതിയ സംഭവവികാസങ്ങള്‍ മൂലം ഉയര്‍ന്ന് വന്നേക്കാവുന്ന അവസരങ്ങളെക്കുറിച്ചും പഠിക്കുന്നുവെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ചൈനയുടെമേല്‍ 34 ശതമാനവും വിയറ്റ്‌നാമിന്റെമേല്‍ 46 ശതമാനവും തീരുവയാണ് ട്രംപ് ചുമത്തിയത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെമേല്‍ താരതമ്യേന കുറഞ്ഞ തീരുവയാണ് ചുമത്തിയത്.

തായ്‌ലന്‍ഡിനുമേല്‍ 36 ശതമാനവും ഇന്തോനേഷ്യയുടെ മേല്‍ 32 ശതമാനവും തീരുവയാണ് യുഎസ് ചുമത്തിയത്. ഈ രാജ്യങ്ങള്‍ ചൈനയില്‍ നിന്നും ധാരാളം നിക്ഷേപം സ്വീകരിക്കുകയും ചൈനയുടെ വിതരണ ശൃംഖലയുമായി ഇന്റഗ്രേറ്റ് ചെയ്യുകയും ചെയ്യുന്നുമുണ്ട്.

യുഎസും ഇന്ത്യയും തമ്മില്‍ നടക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇരുവര്‍ക്കും നേട്ടമാകുന്ന കരാറാകുമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. ഇതുമായി സംബന്ധിച്ച് ട്രംപ് ഭരണകൂടവുമായി ബന്ധപ്പെടുന്നുവെന്നും മന്ത്രാലയം പറഞ്ഞു.

സസ്യ എണ്ണകള്‍, ആപ്പിള്‍, മോട്ടോസൈക്കിളുകളും വാഹനങ്ങളും, പൂക്കള്‍, പ്രകൃതിദത്ത റബ്ബര്‍, കാപ്പി തുടങ്ങിയ ചരക്കുകളുടെ മേല്‍ ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തിയിട്ടുണ്ടെന്ന് യുഎസ് ആരോപിക്കുന്നു.




#Daily
Leave a comment