
തിരഞ്ഞെടുപ്പ് ചട്ടഭേദഗതി കേന്ദ്രം പിന്‍വലിക്കണം: സിപിഐഎം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇലക്ട്രോണിക് രേഖകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കുന്നത് തടഞ്ഞു കൊണ്ട് തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാനുള്ള കേന്ദ്രനീക്കം പിന്‍വലിക്കണമെന്ന് സിപിഐഎം. വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള ഇലക്ട്രോണിക് രേഖകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നത് തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി ആരംഭിച്ചതാണ് വീഡിയോ ചിത്രീകരണം. രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയശേഷമാണ് ഇത്തരം ഡിജിറ്റല്‍ രീതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചത്.
തിരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന കേന്ദ്ര വാദം ദുരൂഹമാണെന്നും നടപടിക്രമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തം പൂര്‍ണമായും ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പറഞ്ഞു.
ഹരിയാനയിലെ ഒരു കോടതി ഒരു കേസില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും മറ്റും ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കഴിഞ്ഞയാഴ്ച്ച ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ പരിശോധിക്കാനുള്ള പൊതുജനത്തിനുള്ള അവകാശം തടയാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്.
സാധാരണ തിരഞ്ഞെടുപ്പ് ചട്ടഭേദഗതിക്കായി കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ആദ്യം ചര്‍ച്ച നടത്തും. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പകരം കമ്മീഷന്‍ നേരിട്ട് കേന്ദ്ര സര്‍ക്കാരിനോട് ചട്ടഭേദഗതി ആവശ്യപ്പെടുകയായിരുന്നു.