
ചില തിരഞ്ഞെടുപ്പ് രേഖകള്‍ രഹസ്യരേഖയാക്കി കേന്ദ്രത്തിന്റെ നിയമഭേദഗതി
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന ചില രേഖകളെ രഹസ്യ രേഖകളാക്കി കേന്ദ്ര സര്‍ക്കാരിന്റെ നിയമഭേദഗതി. കേന്ദ്ര നിയമ, നീതി കാര്യ വകുപ്പാണ് ഭേദഗതി കൊണ്ടുവന്നത്.
1961-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ ലഭിക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ചട്ടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നവ ഒഴിച്ചുള്ളവയെന്ന് ആക്കി ഭേദഗതി ചെയ്തു. എന്നാല്‍ ഏതൊക്കെയാണ് ഈ രേഖകള്‍ എന്ന് ചട്ടത്തില്‍ പറയുന്നില്ല.
ചട്ടങ്ങളില്‍ രേഖപ്പെടുത്താത്ത അനവധി രേഖകള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ പ്രിസൈഡിങ് ഓഫീസര്‍മാര്‍, സെക്ടര്‍ ഓഫീസര്‍മാര്‍ തയ്യാറാക്കുന്നുണ്ട്. ഇവിഎമ്മിന്റെ കൈമാറ്റം, തിരഞ്ഞെടുപ്പ് ദിവസം കേടായ ഇവിഎം മാറ്റി പുതിയത് വയ്ക്കുന്നത്, പൊതുവിലുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ഇല്ലാതെ നടന്നുവെന്ന് ഉറപ്പാക്കുന്ന രേഖകളാണ് ഇവയെന്ന് നിരീക്ഷകര്‍ പറയുന്നു. അടുത്തിടെ നടന്ന ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പോളിങ് സ്റ്റേഷനില്‍ പോള്‍ ചെയ്ത വോട്ടുകളുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും വീഡിയോ ദൃശ്യങ്ങളും നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ആവശ്യപ്പെട്ട് രണ്ട് ആഴ്ചകള്‍ക്കുള്ളിലാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.
വിവരങ്ങള്‍ തടഞ്ഞുവയ്ക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ ഭേദഗതിയെന്ന് നിരീക്ഷകര്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് അവര്‍ പറയുന്നു. എന്തുകൊണ്ട് സുതാര്യതയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേടിക്കുന്നുവെന്ന് കോണ്‍ഗ്രസ് ചോദിച്ചു.