Representational Image: Pexels
14 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
ജമ്മു കാശ്മീരിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിനായി പാകിസ്ഥാനിലെ ഭീകരര്‍ ഉപയോഗിച്ചിരുന്ന 14 മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്രിപ്‌വൈസര്‍, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാന്‍ഗി, ത്രീമ എന്നീ മെസഞ്ചര്‍ ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ഓവര്‍ഗ്രൗണ്ട് തൊഴിലാളികള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും കോഡ് ചെയ്ത സന്ദേശങ്ങള്‍ അയയ്ക്കാന്‍ പാകിസ്ഥാനിലെ തീവ്രവാദികള്‍ ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുവെന്നാണ് വിവരം. നിരോധിച്ച ആപ്പുകള്‍ക്ക് ഇന്ത്യയില്‍ ഓഫീസുകളോ പ്രതിനിധികളോ ഇല്ലെന്നും രാജ്യത്തെ നിയമങ്ങള്‍ ഇത്തരം ആപ്പുകള്‍ പാലിക്കുന്നില്ലെന്നും കേന്ദ്രം പറയുന്നു.
രാജ്യസുരക്ഷയ്ക്കായുള്ള നടപടി
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കുന്നത് ഇതാദ്യമായല്ല. നേരത്തെ നിരവധി ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ജനപ്രിയ മൊബൈല്‍ ഗെയിമുകള്‍ ഉള്‍പ്പെടെ 300 ലധികം ചൈനീസ് ആപ്പുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 69 (എ) പ്രകാരമാണ് ഇത്തരം മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2020 ല്‍ ടിക്‌ടോക്ക്, ഷെയര്‍ ഇറ്റ്, വീചാറ്റ്, ഹെലോ, യുസി ന്യൂസ്, ബിഗോ ലൈവ് ഉള്‍പ്പെടെയുള്ള ജനപ്രിയ ആപ്പുകള്‍ക്കാണ് കേന്ദ്രം നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്നതിന് പുറമെ രാജ്യത്തിന്റെ പ്രതിരോധത്തിനും സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്പുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയത്.
ഭീഷണിയാകുന്ന ആപ്പുകള്‍
ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇത്തരം ആപ്പുകള്‍ വഴി ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ, ഇത്തരം ആപ്പുകള്‍ വഴി ചെറിയ തുക വായ്പയെടുത്ത വ്യക്തികളെ കൊള്ളയടിക്കുന്നുവെന്ന ആരോപണങ്ങളും ശക്തമായിരുന്നു. മുഴുവന്‍ വായ്പയും തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍, ഈ ആപ്പുകളെ പ്രതിനിധീകരിക്കുന്ന വ്യക്തികള്‍ വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതിനു പിന്നാലെ പരാതിയും വ്യാപകമായിരുന്നു. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങള്‍ അയച്ച് അപമാനിക്കുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിര്‍ണായക നീക്കം.