TMJ
searchnav-menu
post-thumbnail

PHOTO: WIKICOMMONS

TMJ Daily

റോഹിംഗ്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

20 Mar 2024   |   1 min Read
TMJ News Desk

രാജ്യത്തെ അനധികൃത റോഹിംഗ്യന്‍ മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനും സ്ഥിരതാമസമാക്കാനുമുള്ള അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യമുന്നയിച്ചു. പാര്‍ലമെന്റിന്റെയും എക്‌സിക്യൂട്ടീവിന്റെയും നിയമനിര്‍മാണ വിഷയങ്ങളില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിരതാമസത്തിനുള്ള അവകാശം നല്‍കുന്നില്ല. ഈ അവകാശം ഇന്ത്യന്‍ പൗരന്മാരില്‍ മാത്രം നിക്ഷിപ്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അനധികൃത കുടിയേറ്റത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിങ്ങളെ വിട്ടയക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. 

സുരക്ഷാ ഭീഷണി ഉയര്‍ത്തും 

അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍എച്ച്‌സിആര്‍) കാര്‍ഡുകള്‍ ചില റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഈ കാര്‍ഡ് ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. റോഹിംഗ്യന്‍സിന്റെ ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം തുടരുന്നതും ഇന്ത്യയില്‍ താമസിക്കുന്നതും തികച്ചും നിയമവിരുദ്ധമാണെന്നും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി എത്തുന്നവര്‍ അസം, പശ്ചിമബംഗാള്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്തുകയാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.


#Daily
Leave a comment