
നാഗാലാന്‍ഡില്‍ പുതിയ സ്വയംഭരണ പ്രദേശം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
നാഗാലാന്‍ഡിലെ ആറ് കിഴക്കന്‍ ജില്ലകള്‍ ചേര്‍ത്ത് ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് ടെറിറ്ററി (എഫ്എന്‍ടി) രൂപീകരിച്ചശേഷം അതിന് എക്‌സിക്യൂട്ടീവ്, നിയമനിര്‍മാണ, സാമ്പത്തിക സ്വയംഭരണം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചു. കിഫൈര്‍, ലോങ്‌ലെങ്, മോന്‍, നൊക്ലാക്ക്, ഷാമന്തോര്‍, ടുയെന്‍സാങ് എന്നീ ജില്ലകള്‍ ചേര്‍ന്നതാണ് എഫ്എന്‍ടി. ഏഴ് നാഗാ ഗോത്രവിഭാഗങ്ങളുടെ ഉന്നതാധികാര സമിതിയായ ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷനാണ് (ഇഎന്‍പിഒ) എഫ്എന്‍ടി രൂപീകരിക്കണമെന്ന ആവശ്യത്തിന് നേതൃത്വം നല്‍കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മൂന്നംഗ സമിതിയുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തുന്നതിന് മുമ്പ് ഈ മേഖലയുടെ എക്‌സിക്യൂട്ടീവ്, നിയമനിര്‍മ്മാണ, സാമ്പത്തിക സ്വയംഭരണം എന്നീ ആവശ്യം അംഗീകരിക്കുന്നതില്‍ കുറഞ്ഞൊന്നും വേണ്ടെന്ന് ഇഎന്‍പിഒയുടെ നേതാക്കള്‍ പറഞ്ഞിരുന്നു. ചര്‍ച്ചയില്‍ ഇഎന്‍പിഒയുടെ നേതാക്കളേയും കേന്ദ്ര സര്‍ക്കാരിന്റേയും പ്രതിനിധികളെ കൂടാതെ നാഗാലാന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തിരുന്നു.
സ്വയംഭരണമെന്ന ആവശ്യം കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചുവെന്ന് ഇഎന്‍പിഒയുടെ പ്രസിഡന്റ് എ ചിങ്മക് ചാങ് പറഞ്ഞു. ചില പ്രധാന വിഷയങ്ങളില്‍ അന്തിമതീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും കൂടിക്കാഴ്ച്ച പോസിറ്റീവായിട്ടാണ് അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ ഒരുപരിധിവരെ പരിഹരിക്കുന്നതിനായി ഏതെങ്കിലും കേന്ദ്ര സേനയുടെ റെജിമെന്റ് സ്ഥാപിക്കണം എന്ന ആവശ്യത്തോടും കേന്ദ്രം യോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ ഗാര്‍ഡുകളെ ശാക്തീകരിക്കുക, ആധുനികവല്‍ക്കരിക്കുക എന്നീ ആവശ്യങ്ങളും അംഗീകരിച്ചു.
മ്യാന്‍മാറില്‍ നിന്നുള്ള സാമൂഹിക വിരുദ്ധരേയും അക്രമികളേയും തടയുന്നതിനായി നാഗാലാന്‍ഡിലെ ഗ്രാമങ്ങളില്‍ 1957-ല്‍ സ്ഥാപിച്ചതാണ് ഗ്രാമീണ ഗാര്‍ഡുകള്‍.