
മണിപ്പൂരിൽ അഫ്സ്പ കൂടുതൽ പരിധിയിലേക്ക്: കേന്ദ്രസർക്കാർ
മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ സായുധസേനയുടെ പ്രത്യേകാധികാര നിയമം (ആംഡ് ഫോഴ്സ് സ്പെഷ്യൽ പവേഴ്സ് ആക്ട- അഫ്സ്പ) പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മണിപ്പൂരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് സായുധ സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരിൽ വീണ്ടും നടപ്പിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പടിഞ്ഞാറൻ ഇംഫാൽ ജില്ലയിലെ സെക്മായ്, ലംസാങ്, കിഴക്കൻ ഇംഫാൽ ജില്ലയിലെ ലംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്‌ണുപൂരിലെ മൊയ്‌റാംഗ് എന്നിവിടങ്ങളിലാണ് അഫ്‌സ്‌പ വീണ്ടും ഏർപ്പെടുത്തിയ പോലീസ് സ്‌റ്റേഷൻ ഏരിയകൾ. ഒക്ടോബർ ഒന്നിന് ഈ 6 പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ 19 പൊലീസ്റ്റ് സ്റ്റേഷനുകളിൽ സംസ്ഥാനത്തുടനീളം മണിപ്പൂർ സർക്കാർ അഫ്സ്പ പ്രഖ്യാപിച്ചിരുന്നു.
സായുധസേന പ്രത്യേക അധികാര നിയമപ്രകാരം സുരക്ഷ സേനയ്ക്ക് ആക്രമണം നടത്താനും പൗരൻമാരെ അറസ്റ്റ് ചെയ്യാനും മുൻകൂർ അനുമതിയുടെ ആവശ്യമില്ല. കൃത്യനിർവ്വഹണത്തിനിടയിൽ ആരെങ്കിലും കൊല്ലപ്പെട്ടാലും സൈനികർ നിയമനടപടി നേരിടേണ്ടി വരില്ല.
മണിപ്പൂരിൽ തിങ്കളാഴ്ച കേന്ദ്രസേനയുടെ വെടിവെയ്പിൽ 11 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണമുണ്ടായ മേഖലയിൽ കൂടുതൽ സേനയെ വിന്യസിപ്പിക്കുകയും സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിയിലെ സിആർപിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കുമാണ് ആക്രമണമുണ്ടായത്.
മണിപ്പൂരിൽ അഫ്സ്പ നേരത്തെ നടപ്പാക്കിയ കാലത്ത് അതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നിരുന്നു. 2000 നവംബർ രണ്ടിന് മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലെ മാലോം ടൗണിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന് പത്ത് പേരെ അസം റൈഫിൾസിലെ പട്ടാളക്കാർ വെടിവെച്ച് കൊലപ്പെടുത്തി. അതിൽ 1988ൽ ധീരതയ്ക്കുള്ള പുരസ്‌ക്കാരം നേടിയ സിനം ചന്ദ്രമനി, എന്ന കൗമാരക്കാരനും 62 വസ്സുള്ള ഇസൻഗം ഇബെതോമി എന്ന സ്ത്രീയും ഉൾപ്പടെയുള്ള പത്ത് പേരാണ് കൊല്ലപ്പെട്ടത് ഇതേ തുടർന്ന് അവിടെ പ്രക്ഷോഭം ശക്തമായി. ഇറോം ചാനു ശർമ്മിള അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം ആരംഭിച്ചു. 2016 ഓഗസ്റ്റ് വരെ അവർ അവർ നിരാഹാരം തുടർന്നു. ഇങ്ങനെ വർഷങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2016 ലായിരുന്നു മണിപ്പൂരിൽ അഫ്സ്പയിൽ ഇളവ് വന്നത്.