TMJ
searchnav-menu
post-thumbnail

മാത്യു കുഴല്‍നാടന്‍ | PHOTO: WIKI COMMONS

TMJ Daily

വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; കടലാസ് കമ്പനിയെന്ന് മാത്യു കുഴല്‍നാടന്‍ 

13 Jan 2024   |   2 min Read
TMJ News Desk

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നാലുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നതഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെഎം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസിഎ ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. 

കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ എക്‌സാലോജിക്കിനെപറ്റി കടുത്ത വിമര്‍ശനമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി നിയമലംഘനം നടത്തിയതായും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പ്പറേഷനെതിരെയും അന്വേഷണം നടത്തും. മൂന്നുസ്ഥാപനങ്ങളും നടത്തിയ ഇടപാടുകളും വിശദമായി അന്വേഷിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ആരോപണവുമായി കുഴല്‍നാടന്‍ 

എക്‌സാലോജിക്കിന്റെ പ്രവര്‍ത്തനം ദുരൂഹമാണെന്നും വഴിവിട്ട പണം സ്വീകരിക്കുന്നതിനും ആ പണം വെളുപ്പിക്കുന്നതിനുംവേണ്ടിയുള്ള പ്രവര്‍ത്തനം പോലെയാണിതെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നല്‍കിയ നോട്ടീസിന് കൃത്യമായ മറുപടി നല്‍കാത്തതുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വിഷയത്തെ വര്‍ഗീയത പറഞ്ഞ് മുഖ്യമന്ത്രി പ്രതിരോധിക്കുമെന്നും കുഴല്‍നാടന്‍ ആരോപിച്ചു. 

സംഭവത്തില്‍ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടന്നു. അനധികൃത ഇടപാടിനു വ്യവസായ വകുപ്പ് കൂട്ടുനിന്നു. ഇതില്‍ വ്യവസായ മന്ത്രി പി രാജീവ് മറുപടി പറയണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ക്രമക്കേടുകള്‍ക്കു വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണ് സംശയിക്കേണ്ടത്. കരിമണല്‍ കമ്പനിക്കു ലാഭം ഉണ്ടാക്കാന്‍ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിലും മന്ത്രി മറുപടി പറയണമെന്നും കുഴല്‍നാടല്‍ പറഞ്ഞു. 

പ്രതികരിക്കാതെ സിപിഎം നേതാക്കള്‍ 

എക്‌സാലോജിക്കിനെതിരെ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിക്കാതെ സിപിഎം നേതാക്കള്‍. വിഷയത്തില്‍ തനിക്കൊന്നും അറിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചു. അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും, മന്ത്രി മുഹമ്മദ് റിയാസും വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ തയ്യാറായില്ല. 

വിവാദങ്ങള്‍ക്ക് പിന്നില്‍ 

വീണ വിജയന് സിഎംആര്‍എല്‍ കമ്പനി പണം നല്‍കിയെന്ന കണ്ടെത്തലാണ് വിവാദങ്ങള്‍ക്ക് കാരണം. വീണ വിജയന് 1.72 കോടി രൂപ ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നല്‍കിയത് നിയമവിരുദ്ധമാണെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തി. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വീണയ്ക്ക് പണം നല്‍കിയതായി പറയുന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടറായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ജനുവരി 25 ന് ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തിയിരുന്നു.


#Daily
Leave a comment