TMJ
searchnav-menu
post-thumbnail

TMJ Daily

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം അട്ടിമറിക്കുന്നു: സോണിയ

18 Mar 2025   |   1 min Read
TMJ News Desk

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ക്രമാനുഗതമായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആരോപിച്ചു. കൂടാതെ, ഏറ്റവും കുറഞ്ഞ വേതനം ദിവസം 400 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വര്‍ഷത്തില്‍ 150 തൊഴില്‍ ദിനങ്ങള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ ശൂന്യവേളയിലാണ് സോണിയ ഈ വിഷയം ഉന്നയിച്ചത്. 2005ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കീഴിലാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) നിയമം പാസാക്കിയതെന്ന് ഓര്‍മ്മിപ്പിച്ചു.

ദശലക്ഷക്കണക്കിന് ഗ്രാമീണ ദരിദ്രര്‍ക്ക് വളരെ സഹായകരമായ പദ്ധതിയായിരുന്നു ഇതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, നിലവിലെ ബിജെപി സര്‍ക്കാര്‍ പദ്ധതിയെ ക്രമാനുഗതമായി അട്ടിമറിക്കുന്നത് വളരെ ആശങ്കപ്പെടുത്തുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതിക്കുവേണ്ടി ബജറ്റില്‍ മാറ്റിവച്ചത് 86,000 കോടി രൂപയാണ്. ജിഡിപിയുടെ ശതമാനം വച്ച് നോക്കുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തുകയാണിത്.

വിലക്കയറ്റവുമായി ക്രമീകരിക്കുമ്പോള്‍ ഫലപ്രദമായ വിഹിതം 4,000 കോടി രൂപയായി കുറയുമെന്ന് സോണിയ പറഞ്ഞു. മാറ്റിവച്ച തുകയില്‍ 20 ശതമാനം മുന്‍ വര്‍ഷത്തെ കുടിശിക നല്‍കുന്നതിനാണ് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഈ പദ്ധതിയെ നിലനിര്‍ത്തുന്നതിനായി ആവശ്യത്തിന് പണം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. കൂടാതെ, ഏറ്റവും കുറഞ്ഞ വേതനം 400 രൂപയായി വര്‍ദ്ധിപ്പിക്കുകയും അത് കൃത്യമായി വിതരണം ചെയ്യുകയും വേണം. ഒരു വര്‍ഷം ഉറപ്പ് നല്‍കുന്ന തൊഴില്‍ദിനങ്ങള്‍ 100ല്‍ നിന്നും 150 ആയി ഉയര്‍ത്തുകയും വേണമെന്നും അവര്‍ പറഞ്ഞു.


#Daily
Leave a comment