TMJ
searchnav-menu
post-thumbnail

TMJ Daily

സിഎഎ പ്രകാരം ആയിരങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയെന്ന് കേന്ദ്രം

03 Apr 2025   |   1 min Read
TMJ News Desk

പൗരത്വ ഭേദഗതി നിയമം അനുസരിച്ച് ആയിരക്കണക്കിന് പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ പറഞ്ഞു. എന്നാല്‍, അനുമതി നല്‍കിയ അപേക്ഷകളുടെ കൃത്യമായ എണ്ണം റായ് പാര്‍ലമെന്റില്‍ നല്‍കിയില്ല.

ഈ നിയമ പ്രകാരം വെറും 350 പേര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയതെന്ന് രാജ്യസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് പറഞ്ഞതിനെ തുടര്‍ന്നാണ് മന്ത്രി പ്രസ്താവന നടത്തിയത്.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിമിതര ആറ് മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നിയമം. ഈ നിയമം അനുസരിച്ച് പൗരത്വം ലഭിക്കാന്‍ ഈ മതങ്ങളിലുള്ളവര്‍ 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ച് ആറ് വര്‍ഷം വസിച്ചിരിക്കണം.

ഡിസംബര്‍ 2019ന് പാര്‍ലമെന്റ് പാസാക്കിയ ഈ നിമയത്തിന്റെ ചട്ടങ്ങള്‍ 2024 മാര്‍ച്ചില്‍ കേന്ദ്രം പ്രസിദ്ധീകരിച്ചു.

എങ്കിലും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമപ്രകാരം എത്ര അപേക്ഷകള്‍ അംഗീകരിച്ചുവെന്ന വിവരങ്ങള്‍ നല്‍കുന്നില്ല.

പൗരത്വ ഭേദഗതി നിയമം അനുസരിച്ച് 25,000ല്‍ അധികം അപേക്ഷകള്‍ ലഭിച്ചുവെന്ന് ദി ഇക്കണോമിക് ടൈംസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് മാസത്തില്‍ പറഞ്ഞിരുന്നു.

ഈ നിയമപ്രകാരം 39 അപേക്ഷകള്‍ ലഭിച്ചുവെന്നും രണ്ട് പേര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയതെന്നും അസം സര്‍ക്കാര്‍ മാര്‍ച്ചില്‍ പറഞ്ഞിരുന്നു. 18 എണ്ണം പരിശോധിക്കുന്നുവെന്നും 19 എണ്ണം തീര്‍പ്പുകല്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞു.






#Daily
Leave a comment