TMJ
searchnav-menu
post-thumbnail

TMJ Daily

പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടത്താൻ കേന്ദ്രം

30 Apr 2025   |   1 min Read
TMJ News Desk

പൊതുസെൻസസിനൊപ്പം രാജ്യത്ത് ജാതി സെൻസസും നടത്തുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനമെടുത്തത്. ജാതി സർവേയാണ് ചില സംസ്ഥാന സർക്കാരുകൾ നടത്തിയതെന്ന് പറഞ്ഞ മന്ത്രി, അതിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്ന് പറഞ്ഞു.

‘കോൺഗ്രസ് സർക്കാരുകൾ എന്നും ജാതി സെൻസസിന് എതിരായിരുന്നു. ജാതി സെൻസസിനെകുറിച്ചുള്ള കാര്യങ്ങളിൽ ക്യാബിനറ്റിനുള്ളിൽ ചർച്ച ചെയ്യണമെന്നാണ് 2010ൽ ഡോ മൻമോഹൻ സിങ് പറഞ്ഞത്. ഒരു കൂട്ടം മന്ത്രിമാരെ ഇതിനെക്കുറിച്ച് പഠിക്കാൻ നിശ്ചയിച്ചിരുന്നതാണ്. ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും ജാതി സെൻസസിന് ശുപാർശ ചെയ്തിരുന്നു. എന്നിട്ടും ജാതി സെൻസസ് നടത്തേണ്ടതില്ലെന്ന് കോൺഗ്രസ് സർക്കാർ തീരുമാനിക്കുകയായിരുന്നു,’ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കോൺഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും മറ്റ് ചില പ്രാദേശിക പാർട്ടികളുടെയും ദീർഘനാളായുള്ള ആവശ്യമായിരുന്നു ജാതി സെൻസസ് നടത്തണമെന്നത്. അടുത്തിടെ കർണാടകയിൽ സംസ്ഥാന സർക്കാർ ജാതി സെൻസസ് നടത്തിയിരുന്നു. വൊക്കലിഗ, ലിംഗായത്ത് എന്നീ വിഭാഗങ്ങളിൽ നിന്നും കർണാടക സർക്കാർ നീക്കത്തിനെതിരെ എതിർപ്പുകൾ ഉണ്ടായിരുന്നു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിലാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം.





#Daily
Leave a comment