
ട്രാവിസ് ഹെഡിന് സെഞ്ച്വറി; അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസീസ് മികച്ച നിലയില്‍
ഓസ്ട്രേലിയയുടെ മധ്യനിര ബാറ്ററായ ട്രാവിസ് ഹെഡ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ രണ്ടാം ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനം തന്റെ എട്ടാമത് ടെസ്റ്റ് സെഞ്ച്വറി നേടി. കേവലം 111 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുടേയും മൂന്ന് സിക്സുകളുടേയും അകമ്പടിയോടെയാണ് ട്രാവിസ് 100 തികച്ചത്.
പകലും രാത്രിയിലുമായി നടക്കുന്ന ടെസ്റ്റില്‍ പിങ്ക്-ബോള്‍ സാഹചര്യത്തിലെ വെല്ലുവിളികളെ മറികടന്നാണ് അദ്ദേഹം സെഞ്ച്വറി നേടിയത്. പകല്‍-രാത്രി ടെസ്റ്റിലെ തന്റെ മൂന്നാം സെഞ്ച്വറിയാണ് ട്രാവിസ് കുറിച്ചത്. കൂടാതെ, പകല്‍-രാത്രി ടെസ്റ്റിലെ അതിവേഗ സെഞ്ച്വറിയെന്ന സ്വന്തം റെക്കോര്‍ഡും ട്രാവിസ് തിരുത്തിയെഴുതി. നേരത്തെ 112 പന്തില്‍ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പകല്‍-രാത്രി ടെസ്റ്റ് സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് ഓസ്ട്രേലിയയുടെ തന്നെ മാര്‍നസ് ലബുഷെയ്നിന്റെ പേരിലാണ്. നാലെണ്ണം.
ഇന്ത്യയുടെ 180 റണ്‍സ് എന്ന ചെറിയ സ്‌കോറിനെ പിന്തുടര്‍ന്ന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഓസീസിനെ സഹായിച്ച ട്രാവിസിനെ മുഹമ്മദ് സിറാജ് പുറത്താക്കി. 141 പന്തില്‍ നിന്നും 140 റണ്‍സെടുത്ത ട്രാവിസിനെ സിറാജിന്റെ മാരകമായ യോര്‍ക്കര്‍ വീഴ്ത്തുകയായിരുന്നു. 17 ബൗണ്ടറികളും 4 സിക്സുകളുമാണ് അഡ്ലെയ്ഡിലെ കാണികള്‍ക്ക് മുന്നില്‍ ട്രാവിസ് പറത്തിയത്.
വിക്കറ്റ് വീണതിന് പിന്നാലെ സിറാജും ട്രാവിസും തമ്മില്‍ വാഗ്വാദം ഉണ്ടാകുകയും സിറാജിനെ കാണികള്‍ കൂവുകയും ട്രാവിസിനെ കൈയടികളോടെ യാത്രയാക്കുകയും ചെയ്തു. ഓസ്ട്രേലിയ 337 റണ്‍സിന് എല്ലാവരും പുറത്തായി. ജസ്പ്രീത് ബുംറയും സിറാജും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.