എംജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ കാണാതായി
എംജി സർവകലാശാലയിൽ നിന്നും ബിരുദ, പിജി സർട്ടിഫിക്കറ്റുകൾ കാണാതായതായി പരാതി. അതീവ സുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽ നിന്നുമാണ് സർട്ടിഫിക്കറ്റുകൾ കാണാതായത്. സംഭവത്തിൽ വൈസ് ചാൻസിലറുടെ ചുമതലയുള്ള പിവിസി ഡോ. സിടി അരവിന്ദ് കുമാർ അന്വേഷണം നടത്താൻ നിർദേശം നല്കി. പരീക്ഷാ കൺട്രോളറോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പേരെഴുതാത്ത 154 ബിരുദ, പിജി സർട്ടിഫിക്കറ്റുകളാണ് കാണാതായിരിക്കുന്നത് എന്നാണ് വിവരം. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് നഷ്ടമായിരിക്കുന്നതെന്നാണ് സൂചന. കാണാതായ സർട്ടിഫിക്കറ്റുകളുടെ എണ്ണം വ്യക്തമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ബാർ കോഡും ഹോളോഗ്രാമും പതിച്ച സർട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോർമാറ്റുകളിൽ വിദ്യാർത്ഥികളുടെ പേരുവിവരങ്ങളും രജിസ്റ്റർ നമ്പറും ചേർത്ത് വൈസ് ചാൻസലറുടെ ഒപ്പ് കൂടി പതിച്ചാൽ സർട്ടിഫിക്കറ്റ് തയ്യാറാകും.
അടിമുടി ദൂരൂഹം
രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായത് ദുരൂഹമാണ്. സെക്ഷൻ ഓഫീസർക്കാണ് ഈ ഫോർമാറ്റുകൾ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുമ്പ് ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റർ കാണാതായിരുന്നു. ഇതു കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളിൽ സർട്ടിഫിക്കറ്റിന്റെ രണ്ട് ഫോർമാറ്റുകൾ കണ്ടെത്തിയിരുന്നു. അതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഫോർമാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോൾ എണ്ണത്തിൽ കുറവുള്ളതായി ബോധ്യപ്പെട്ടു.
സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന എട്ട് വിഭാഗങ്ങളാണുള്ളത്. സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ സെക്ഷൻ ഓഫീസർ ഇത് അസിസ്റ്റന്റിന് കൈമാറുകയാണ് പതിവ്. ആറു ജീവനക്കാരാണ് സെക്ഷനിലുള്ളത്. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും സ്ഥാനം തെറ്റി വച്ചിട്ടുണ്ടോയെന്നതിൽ പരിശോധന നടക്കുകയാണ്. ഇവ കണ്ടെത്താനായില്ലെങ്കിൽ പോലീസിന് പരാതി നൽകുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
രണ്ടാഴ്ചയിലധികമായി വിദ്യയുടെ ഒളിവുജീവിതം
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യം തേടി കെ വിദ്യ സമർപ്പിച്ച ജാമ്യാപേക്ഷയും ഈ മാസം 24 ന് കോടതി പരിഗണിക്കും. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും അവിവാഹിതയാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്ക് മാറ്റി.
അധ്യാപക നിയമനത്തിനായി കെ വിദ്യ അട്ടപ്പാടി കോളേജിൽ നൽകിയത് വ്യാജ രേഖകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്നും കണ്ടെത്തി. കൂടാതെ, കാസർഗോഡ് കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് കൊളീജിയറ്റ് എജ്യൂക്കേഷൻ സംഘവും കണ്ടെത്തിയിരുന്നു. ഒരുവർഷക്കാലം വിദ്യ കോളേജിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ വിദ്യയ്ക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കുമെന്നാണ് വിവരം.
കേസിൽ വിദ്യ രണ്ടാഴ്ചയിലധികമായി ഒളിവിൽ തുടരുകയാണ്. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
നിഖിൽ തോമസും കാണാമറയത്ത്
വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്‌ഐ നേതാവ് വിശാഖിനും കെ വിദ്യക്കും പിന്നാലെ നിഖിൽ തോമസും ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താനാകാത്തതിൽ പൊലീസിനെതിരെ വിമർശനം ശക്തമാണ്. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ജാഗ്രതക്കുറവാണെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.
കായംകുളം എംഎസ്എം കോളേജിൽ എം.കോമിന് ചേർന്നത് ബി.കോം ജയിക്കാതെ ആണെന്ന് സ്ഥിരീകരിച്ചു. ഛത്തീസ്ഗഡ് കലിംഗ സർവകാലശാല രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല രജിസ്ട്രാറും എംഎസ്എം കോളേജ് പ്രിൻസിപ്പലും വ്യക്തമാക്കി. ആരോപണം തെളിഞ്ഞതോടെ നിഖിലിനെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
കേരള സർവകലാശാല നല്കിയ വ്യക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലിന് എം.കോം പ്രവേശനം നൽകിയതെന്നാണ് കോളേജ് അധികൃതരുടെ വാദം. 2022 ജനുവരി 28ന് മാനേജ്‌മെന്റ് സീറ്റിലായിരുന്നു പ്രവേശനം നേടിയത്. കോളേജ് രേഖകൾ പ്രകാരം നിഖിൽ 2017 ജൂലൈ 19നാണ് എംഎസ്എം കോളേജിൽ ബി.കോമിനു ചേർന്നത്. മൂന്നുവർഷം കോളേജിൽ പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്തു. എന്നാൽ എഴുതിയ പരീക്ഷകളിൽ പലതും തോറ്റെന്ന് പരീക്ഷാ കൺട്രോളർ തന്ന രേഖകളിൽ വ്യക്തമാണ്. 2020 ജൂൺ 22നു ടിസി വാങ്ങി. എന്നാൽ ഇതേ കാലയളവിൽ കലിംഗയിൽ റഗുലർ കോഴ്‌സ് പഠിച്ച് ഫസ്റ്റ് ക്ലാസോടെ ജയിച്ചെന്നാണ് നിഖിൽ പിജി പ്രവേശനത്തിനു നൽകിയ സർട്ടിഫിക്കറ്റിലുള്ളത്. ഒരേസമയത്ത് രണ്ട് കോളേജുകളിൽ പ്രവേശനം നേടുകയും പഠിക്കുകയും ചെയ്യുന്നതെങ്ങനെ എന്നാണ് ഉയരുന്ന ചോദ്യം.
നിഖിലിന് പിജി പ്രവേശനം നല്കിയത് തനിക്ക് ലഭിച്ച ശുപാർശപ്രകാരമുള്ള മാനദണ്ഡം പാലിച്ചാണെന്ന് മുൻ പ്രിൻസിപ്പൽ ഡോ. എസ് ഭദ്രകുമാരി പറഞ്ഞു. വിദ്യാർത്ഥിയെ നേരിട്ടറിയില്ലെന്നും പി.ജി പ്രവേശന കമ്മിറ്റിയും ഓഫീസ് സൂപ്രണ്ടും ഉൾപ്പെട്ട കമ്മിറ്റി സർട്ടിഫിക്കറ്റ് പരിശോധനകൾക്ക് ശേഷം പ്രവേശനം നല്കാമെന്ന ശുപാർശ നല്കിയതായും അവർ വെളിപ്പെടുത്തി. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ കായംകുളം എം.എസ്.എം കോളേജ് സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു. അതിനായി ആറംഗ സമിതിയെ ചുമതലപ്പെടുത്തി.
അതൃപ്തിയിൽ സിപിഎം നേതൃത്വം
ഒന്നിന് പിറകെ ഒന്നായി നിരന്തരം എസ്എഫഐയിൽ വിവാദം പുകയുകയാണ്. തിരുവനന്തപുരത്ത് അടക്കം ജില്ലാ നേതാക്കളുടെ വഴിവിട്ട നിലപാടുകൾ, നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ലഹരി വിവാദങ്ങൾ, പ്രായപരിധിയെ കുറിച്ച് ഉയർന്ന ആക്ഷേപങ്ങൾ- എല്ലാം ഉണ്ടാക്കിയ ചീത്തപ്പേരിൽ നിന്ന് എസ്എഫ്‌ഐയെ കരകയറ്റാൻ നേതൃത്വം പാടുപെടുന്നതിനിടെയാണ് വ്യാജരേഖ നിർമിതിയെന്ന വിവാദം ശക്തമായത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവും വ്യാജരേഖ വിവാദവും ഉണ്ടാക്കിയ ക്ഷീണവും മാറുന്നതിന് മുമ്പെയാണ് മഹാരാജാസിൽ വ്യാജസർട്ടിഫിക്കറ്റ് വിവാദം ഉണ്ടാവുന്നത്. ഇതിനു പിന്നാലെയാണ് നിഖിലിന്റെ കേസും വിവാദമായത്. നിഖിലിനെ പൂർണമായും ന്യായീകരിച്ച എസ്എഫ്‌ഐ നേതൃത്വത്തെ വെട്ടിലാക്കിയാണ് കലിംഗ സർവകലാശാലയുടെ വിശദീകരണമാണ്. നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകിയ എസ്എഫ്‌ഐ നടപടിയാണ് പ്രശ്‌നം കൂടുതൽ വഷളാക്കിയതെന്ന നിലപാട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.