TMJ
searchnav-menu
post-thumbnail

TMJ Daily

കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രന്‍

01 Feb 2025   |   1 min Read
TMJ News Desk

കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ഇത്രയും അധികം ആനുകൂല്യങ്ങള്‍ കിട്ടിയ മറ്റൊരു ബഡ്ജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ആദായനികുതി പരിധി 12 ലക്ഷം ആക്കിയതിലൂടെ ഇടത്തരക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലായിരിക്കും ഏറ്റവും വലിയ പ്രയോജനം ലഭിക്കുക. ഇവിടെ സര്‍വീസ് മേഖലയില്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധപ്പെട്ടുനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ടാക്‌സിന് പോകേണ്ട പണം വിപണിയിലെത്തിക്കാന്‍ സാധിക്കും.

ചെറുകിട സംരംഭകരും ചെറുകിട കച്ചവടക്കാരും അധികമുള്ള സംസ്ഥാനമായ കേരളത്തിന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ വലിയ ഗുണം ലഭിക്കും. മാസത്തില്‍ 5,000 മുതല്‍ 20,000 രൂപ വരെ ലാഭിക്കാന്‍ മധ്യ വര്‍ഗ്ഗത്തിന് ഇതിലൂടെ സാധിക്കുമെന്നത് എടുത്തു പറയേണ്ടതാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

ചരിത്രപരമായ പല പ്രഖ്യാപനങ്ങളും ഈ ബഡ്ജറ്റില്‍ ഉണ്ട്. ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോള്‍ നമ്മുടെ രാജ്യം അതിനെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറാനുള്ള വലിയൊരു കുതിച്ചുചാട്ടത്തിന്റെ സൂചന നില്‍ക്കുകയാണ്.

സംസ്ഥാനത്തെ ഡിഎ കുടിശ്ശിക 19 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാവുകയാണ്. പുതിയ ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വളരെ അനുകൂലമായ നടപടിയാണിത്. എംഎസ്എംഇയുടെ ഈടില്ലാത്ത വായ്പ്പാ പരിധി ഒരു കോടിയില്‍ നിന്നും അഞ്ചു കോടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ചെറുകിട സംരഭകര്‍ക്ക് വലിയ അവസരമാണ് ഇതിലൂടെ എത്തുന്നത്. സ്റ്റാര്‍ട്ടപ്പ് വായ്പ 10 കോടി ആക്കിയിരിക്കുകയാണ്. ഇത് യുവാക്കളുടെ ജീവിതത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്.

കാര്‍ഷിക മേഖലയ്ക്ക് ഏറെ ഊന്നല്‍ നല്‍കിയ ബഡ്ജറ്റാണ് കേന്ദ്രധനകാര്യമന്ത്രി അവതരിപ്പിച്ചത്. വിള ഇന്‍ഷുറന്‍സിന്റെ പരിധി വര്‍ധിപ്പിച്ചിരിക്കുന്നു. കാര്‍ഷിക വായ്പ സഹായങ്ങള്‍ വര്‍ധിപ്പിച്ചു. മത്സ്യബന്ധന മേഖലയില്‍ ഉണ്ടായ പുതിയ പ്രഖ്യാപനങ്ങള്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നതും കേരളത്തിലാണ്. ഇത്രയൊക്കെയായിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വ്യാജപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.




 

#Daily
Leave a comment