TMJ
searchnav-menu
post-thumbnail

PHOTO: ARSENAL.COM

TMJ Daily

സൗദി ക്ലബ്ബുകളുടെ ചാമ്പ്യന്‍സ് ലീഗ് പ്രവേശനം; വാര്‍ത്തകള്‍ നിരസിച്ച് യുവേഫ പ്രസിഡന്റ്

01 Sep 2023   |   1 min Read
TMJ News Desk

സൗദി ലീഗില്‍ കളിക്കുന്ന ക്ലബ്ബുകള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഭാഗമായേക്കും എന്ന വാര്‍ത്തകള്‍ നിരസിച്ച് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ ഗ്രൂപ്പ് സ്റ്റേജ് തിരഞ്ഞെടുപ്പ് വേദിയിലാണ് സെഫറിന്‍ സൗദി ക്ലബ്ബുകളുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയെ പറ്റിയുള്ള വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കിയത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുതല്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വരെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്റെ പ്രതികരണം

യൂറോപ്പിലെ ക്ലബ്ബുകള്‍ക്ക് മാത്രമേ ചാമ്പ്യന്‍സ് ലീഗ്,യൂറോപ്പാ ലീഗ്,കോണ്‍ഫറന്‍സ് ലീഗ് തുടങ്ങിയ ലീഗുകളില്‍ കളിക്കാന്‍ കഴിയുകയുള്ളൂവെന്നും സൗദിയിലെ ക്ലബ്ബുകള്‍ക്ക് സമാനമായ സാഹചര്യം നമ്മള്‍ ചൈനയില്‍ കണ്ടതാണെന്നും അലക്‌സാണ്ടര്‍ സെഫറിന്‍ പറഞ്ഞു. ചൈനയിലെ ക്ലബ്ബുകള്‍ പല താരങ്ങളെയും അവരുടെ കരിയറിന്റെ അവസാന സമയത്ത് ടീമിലേക്കെത്തിച്ചെങ്കിലും ചൈനീസ് ഫുട്‌ബോളിന് ഉയര്‍ച്ച ഉണ്ടായിട്ടില്ലെന്നും സെഫറിന്‍ കൂട്ടിച്ചേര്‍ത്തു. കൈലിയന്‍ എംബാപ്പേ, എര്‍ലിംഗ് ഹാലന്‍ഡ് തുടങ്ങിയ താരങ്ങളൊന്നും സൗദിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സൗദി ക്ലബ്ബുകള്‍ ചാമ്പ്യന്‍സ് ലീഗിനെത്തും എന്ന വാര്‍ത്തയോടൊപ്പം ചാമ്പ്യന്‍സ ലീഗ് ഫൈനലിന്റെ വേദി സൗദി ആയിരിക്കും എന്ന് തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയെയും യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍ നിഷേധിച്ചു. സ്പാനിഷ് സൂപ്പര്‍ കപ്പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സൗദിയില്‍ വച്ച് നടത്തെപ്പെട്ടിരുന്നു. അതോടൊപ്പം സൗദി ലീഗിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ ഒരിക്കലും യൂറോപ്യന്‍ ഫുട്‌ബോളിന് ഭീഷണിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താര സമ്പനമാകുന്ന സൗദി ലീഗ്

കഴിഞ്ഞ വര്‍ഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെ അല്‍ ഹിലാലിലേക്ക് എത്തിയതോട് കൂടിയാണ് താരങ്ങള്‍ സൗദിയിലേക്ക് ഒഴുകിത്തുടങ്ങിയത്. അവിടെ നിന്നും കളിക്കാര്‍ക്ക് ലഭ്യമാകുന്ന ഉയര്‍ന്ന വേതനം തന്നെയാണ് ഇതിന് കാരണം. റൊണാള്‍ഡോയും സൗദിയിലെത്തിയത് ഇതേ കാരണം കൊണ്ട് തന്നെ. നെയ്മര്‍,കരീം ബെന്‍സിമ,എന്‍ഗൊളോ കാന്റെ,സാദിയോ മാനെ,ഫിര്‍മ്മീന്യോ എന്നീ വമ്പന്‍ താരങ്ങളാണ് ഇക്കുറി സൗദിയിലെ വിവിധ ക്ലബ്ബുകളിലേക്കെത്തിയത്. മുപ്പത് കഴിഞ്ഞ താരങ്ങളാണ് പൊതുവേ സൗദിയിലേക്കെത്തുന്നതെങ്കിലും ഈയിടെ 21 കാരന്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഗബ്രി വീഗ വമ്പല്‍ തുകയ്ക്ക് സൗദി ക്ലബ്ബായ അല്‍ അഹ്ലിയില്‍ എത്തിയിരുന്നു.


#Daily
Leave a comment