
ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പ്: എഎപി- കോണ്‍ഗ്രസ് സഖ്യത്തെ ബിജെപി പരാജയപ്പെടുത്തി
ചണ്ഡിഗഢ് കോര്‍പറേഷന്റെ മേയര്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എഎപി- കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയെ ബിജെപി പരാജയപ്പെടുത്തി. എഎപി-കോണ്‍ഗ്രസ് സഖ്യത്തിന് ബിജെപിയെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അംഗങ്ങള്‍ കാലുമാറി ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്.
ബിജെപിയുടെ ഹര്‍പ്രീത് കൗര്‍ ബബ്ല 19 വോട്ടുകള്‍ നേടി മേയറായി. എതിര്‍ സ്ഥാനാര്‍ത്ഥിയായ പ്രേം ലതയ്ക്ക് 17 വോട്ടുകളാണ് ലഭിച്ചത്.
മേയര്‍ സ്ഥാനം സ്ത്രീസംവരണമായിരുന്നു. 35 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസ്, എഎപി സഖ്യത്തിന് 19 കൗണ്‍സിലര്‍മാരും കൂടാതെ വോട്ട് അവകാശമുള്ള കോണ്‍ഗ്രസിന്റെ ചണ്ഡിഗഢ് എംപിയും അടക്കം 20 പേരുടെ വോട്ടുകളാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് 16 കൗണ്‍സിലര്‍മാരും ഉണ്ട്.
നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലും നടപടിക്രമങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തും വേണം തിരഞ്ഞെടുപ്പ് നടത്താനെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു.
2024ലെ മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപിയുടെ കുല്‍ദീപ് കുമാറിനെ ചണ്ഡിഗഢ് കോര്‍പറേഷന്‍ മേയറായി പ്രഖ്യാപിച്ചിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയിയായി പ്രഖ്യാപിക്കപ്പെട്ടത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. എഎപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ എട്ട് വോട്ടുകള്‍ പ്രിസൈഡിങ് ഓഫീസറായ അനില്‍ മാസി അസാധുവാക്കുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു.