TMJ
searchnav-menu
post-thumbnail

PHOTO: ISRO

TMJ Daily

കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍-3 ; ഭൂമിയുടെ ഭ്രമണപഥവും കടന്ന് ഇനി ചന്ദ്രനിലേക്ക്.

01 Aug 2023   |   2 min Read
TMJ News Desk

ഭൂമിയുടെ ഭ്രമണപഥം പൂര്‍ത്തിയാക്കി ചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3. പേടകത്തിന്  ചന്ദ്രനിലേക്കെത്താന്‍ 3.8 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് ഇനി സഞ്ചരിക്കേണ്ടത്. ചന്ദ്രയാന്‍ 3 നെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലെത്തിക്കുന്ന ട്രാന്‍സ്ലൂണാര്‍ ഇന്‍ജക്ഷന്‍ ഐ.എസ്.ആര്‍.ഒ ഇന്നലെ രാത്രി പൂര്‍ത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്. ഇനി 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററി എന്ന പഥത്തിലാണ് ചന്ദ്രയാന്‍ 3 സഞ്ചരിക്കുക. ഓഗസ്റ്റ് 5 ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുകയും തുടര്‍ന്ന് ഓഗസ്റ്റ് 23 വൈകുന്നേരത്തോടെ ചന്ദ്രനില്‍ ഇറങ്ങുകയും ചെയ്യുമെന്നാണ് ഐ.എസ്.ആര്‍.ഒ യുടെ കണക്കുകൂട്ടല്‍. വിക്ഷേപിക്കപ്പെട്ട ശേഷം അഞ്ച് തവണയാണ് ചന്ദ്രയാന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ജൂലൈ 14 നാണ് ലോകം ഉറ്റു നോക്കിയിരുന്ന ഐ.എസ്.ആര്‍.ഒ യുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.

ലോകത്തിന്റെ നെറുകയില്‍ രാജ്യം

ചന്ദ്രയാന്‍-2 ന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തില്‍ പൂര്‍ത്തിയാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ശാസ്ത്രസംഘം. ചാന്ദ്രരഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ദൗത്യമാണിത്. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങള്‍, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യംവയ്ക്കുന്നത്.

ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിള്‍ ജി.എസ്.എല്‍.വി മാര്‍ക്ക്-3 യിലാണ് ചന്ദ്രയാന്‍ പേടകം കുതിച്ചുയര്‍ന്നത്. വിക്ഷേപണം കഴിഞ്ഞ് 22-ാം മിനിറ്റില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്ന പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാന്‍ തുടങ്ങി. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനുശേഷം, വീണ്ടും ചന്ദ്രന്റെ കാന്തികവലയത്തിലേക്ക് മടങ്ങും. ചന്ദ്രനില്‍ ഭ്രമണപഥം ഉറപ്പിച്ചശേഷം നിര്‍ണായകമായ സോഫ്റ്റ് ലാന്റിങ് ആഗസ്റ്റ് 23 നായിരിക്കും.

ചന്ദ്രയാന്‍ ദൗത്യശ്രേണിയുടെ ഭാഗമായിട്ടുള്ള ചന്ദ്രയാന്‍-3 ലൂടെ, സോഫ്റ്റ് ലാന്‍ഡിങ് വഴി ചന്ദ്രോപരിതലത്തിലെത്തി ചേരാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതുമൂലം സോഫ്റ്റ് ലാന്‍ഡിംഗിലുള്ള ഇന്ത്യയുടെ കഴിവ് ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്നും കരുതുന്നു. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡിങിനുശേഷം, ആറ് ചക്രങ്ങളുള്ള റോവര്‍ പുറത്തുവരികയും, റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. 14 ദിവസമാണ് റോവറിന്റെ പ്രവര്‍ത്തന ദൈര്‍ഘ്യം. റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ മുഖേനയാണ് പ്രവര്‍ത്തിക്കാനുള്ള ചാര്‍ജ് ലഭിക്കുന്നത്. നിലവിലെ പുരോഗതികളെ ആസ്പദമാക്കിയാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ബഹിരാകാശ മേഖല ഒരു ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന സമ്പദ്വ്യവസ്ഥയായി തീരുമെന്ന് ഇതിനോടകം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 

ചന്ദ്രയാന്‍ ദൗത്യങ്ങള്‍

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ചന്ദ്രയാന്‍-1, 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രന്റെ കെമിക്കല്‍, മിനറോളജിക്കല്‍, ഫോട്ടോ-ജിയോളജിക്കല്‍ മാപ്പിംഗിനായി ചന്ദ്രോപരിതലത്തില്‍ നിന്ന്, 100 കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ വലംവയ്ക്കുന്നതായിരുന്നു പേടകം. ഇന്ത്യ, അമേരിക്ക, യുകെ, ജര്‍മനി, സ്വീഡന്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിര്‍മിച്ച 11 ശാസ്ത്രീയ ഉപകരണങ്ങള്‍ പേടകത്തിലുണ്ടായിരുന്നു. ഉപഗ്രഹം ചന്ദ്രനു ചുറ്റും 3,400-ലധികം ഭ്രമണപഥങ്ങള്‍ നടത്തുകയുണ്ടായി. 2009 ഓഗസ്റ്റ് 29-ന് പേടകവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതോടെ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുകയാണുണ്ടായത്. ആസൂത്രണം ചെയ്ത രണ്ട് വര്‍ഷത്തിലെ 312 ദിവസം ചന്ദ്രയാന്‍-1 പ്രവര്‍ത്തിക്കുകയും ലക്ഷ്യങ്ങളുടെ 95% കൈവരിക്കുകയും ചെയ്തു. ചന്ദ്രനിലെ മണ്ണില്‍ ജലതന്മാത്രകളുടെ വ്യാപകമായ സാന്നിധ്യമാണ് ചന്ദ്രയാന്‍-1 ന്റെ ഏറ്റവും വലിയ കണ്ടെത്തല്‍.

ഐ.എസ്.ആര്‍.ഒ ചരിത്രത്തില്‍ ചന്ദ്രയാന്‍-2 ദൗത്യം മുന്‍ ദൗത്യങ്ങളെ അപേക്ഷിച്ച് വളരെ സുപ്രധാനവും സങ്കീര്‍ണവുമായിരുന്നു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലയായ, ദക്ഷിണധ്രുവം പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 22 ജൂലൈ 2019 ലാണ് ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. പക്ഷേ, സെപ്റ്റംബറില്‍ ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പ്പെട്ട വിക്രം ലാന്‍ഡറിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 500 മീറ്റര്‍ അകലെ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തകരുകയായിരുന്നു. ഇതിനുശേഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഏഴു വര്‍ഷത്തെ ആയുസ്സായിരുന്നു ചന്ദ്രയാന്‍-2 ദൗത്യത്തിന് പ്രതീക്ഷിച്ചിരുന്നത്.


#Daily
Leave a comment