PHOTO: ISRO
ഹോപ്പ് പരീക്ഷണം വിജയകരം; ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്റ് ചെയ്ത് വിക്രം ലാന്‍ഡര്‍
ഹോപ്പ് പരീക്ഷണത്തിന്റെ ഭാഗമായി ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്റ് ചെയ്യിപ്പിച്ച് ഐഎസ്ആര്‍ഒ. 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ശേഷം സോഫ്റ്റ് ലാന്റ് ചെയ്യിപ്പിക്കുന്നതിന്റെ ദൃശ്യം ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്. ദൗത്യത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വിക്രം ലാന്‍ഡര്‍ ചെയ്തതായി ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു. 40 സെന്റീമീറ്റര്‍ പറന്നു പൊങ്ങിയ വിക്രം ലാന്‍ഡര്‍ 30 മുതല്‍ 40 സെന്റീമീറ്റര്‍വരെ അകലെയാണ് ലാന്‍ഡ് ചെയ്തത്. ലാന്‍ഡറിനെ വീണ്ടും ഉപരിതലത്തില്‍ നിന്നും ഉയര്‍ത്താന്‍ സാധിച്ചത് പ്രത്യാശനല്‍കുന്ന കാര്യമാണ്. ഒരു ചാന്ദ്രദിവസം അവസാനിച്ചതിനു പിന്നാലെ ഇന്നലെ റോവറും ലാന്ററും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 14 ദിവസത്തിനു ശേഷം ഇത് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമോ എന്ന കാത്തിരിപ്പിലാണ് ലോകം.
ചരിത്രനേട്ടം
41 ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ ചന്ദ്രയാന്‍ 3 ഓഗസ്റ്റ് 23 ബുധനാഴ്ച വൈകിട്ട് 6.04 നാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങിനുശേഷം നാലു മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ റാംപിലൂടെയാണ് പുറത്തിറങ്ങിയത്. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍ വിവരങ്ങള്‍ ശേഖരിച്ച് ലാന്‍ഡറിലേക്ക് കൈമാറും. ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും വിവരങ്ങള്‍ കൈമാറും. സെക്കന്റില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ കാമറകള്‍ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്യും. ചന്ദ്രയാന്‍ 3 പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുന്‍പാണ് ഹോപ് പരീക്ഷണം വിജയകരമായി നടത്തിയത്.
ബഹിരാകാശത്തെ കൈപിടിയിലാക്കാന്‍ ഇസ്റോ
ചന്ദ്രയാന്‍ 3 ന്റെ ചരിത്ര വിജയത്തിനു പിന്നാലെ അഞ്ച് സുപ്രധാന ദൗത്യങ്ങളിലേക്ക് കൂടി തിരിയാനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍, മംഗള്‍യാന്‍ 2, 3, ആദിത്യ എല്‍ 1, ശുക്രയാന്‍ എന്നീ സുപ്രധാന പദ്ധതികള്‍ക്കാണ് ഒരുങ്ങുന്നത്. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനുള്ള ആദ്യ ദൗത്യമായ ആദിത്യ എല്‍ 1 പേടകം വിക്ഷേപിച്ചുകഴിഞ്ഞു.
ബഹിരാകാശത്ത് മനുഷ്യനെയെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2025 ല്‍ നടന്നേക്കുമെന്നാണ് സൂചന. ഇതിനായി നാലു ബഹിരാകാശ യാത്രികരെ തിരഞ്ഞെടുത്തിട്ടുണ്ട്. വ്യോമസേന പൈലറ്റുമാരായ ഇവര്‍ക്കായുള്ള പരിശീലനം നടന്നുവരികയാണ്. അഞ്ചു മുതല്‍ ഏഴു ദിവസം വരെ തങ്ങിയശേഷം യാത്രികരെ തിരികെയെത്തിക്കും. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ ആദ്യം ബഹിരാകാശത്ത് എത്തുന്നത് വനിതാ റോബോട്ടായ വ്യോമ മിത്രയായിരിക്കും.
ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര ദൗത്യമായ മംഗള്‍യാന്‍ 2 (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) വിക്ഷേപണവും 2025 ല്‍ നടന്നേക്കും. 2030 ല്‍ മംഗള്‍യാന്‍ 3 ഉം ഐഎസ്ആര്‍ഒ ലക്ഷ്യംവയ്ക്കുന്നുണ്ട്. ഇതിലൂടെ ചൊവ്വയില്‍ റോവര്‍ ഇറക്കാനാണ് ലക്ഷ്യം. 2013 നവംബര്‍ അഞ്ചിന് ചൊവ്വാ ദൗത്യം വിക്ഷേപിച്ചതോടെ ചൊവ്വാ ദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. 300 ഭൗമദിനങ്ങള്‍ നീണ്ട വിജയയാത്രയിലൂടെ ഭൂമിയും ചൊവ്വയും സൂര്യന്റെ എതിര്‍ദിശയില്‍ വരുമ്പോള്‍ മംഗള്‍യാന്‍ പുറപ്പെടുവിച്ച എസ് ബാന്‍ഡ് തരംഗങ്ങളിലൂടെ സൗര കൊറോണയെ കുറിച്ച് പഠിക്കാനായതും വലിയ നേട്ടമാണ്.
ശുക്രനെ കുറിച്ചും പഠിക്കാന്‍ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നുണ്ട്. ജിഎസ്എല്‍വി മാര്‍ക്ക് രണ്ട് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ശുക്രയാന്‍ വിക്ഷേിക്കുക. മംഗള്‍യാന്‍ 2 നു ശേഷമാകും ശുക്രയാന്‍ വിക്ഷേപണം.