TMJ
searchnav-menu
post-thumbnail

PHOTO: ISRO.IN

TMJ Daily

ആകാംക്ഷയോടെ ചന്ദ്രയാന്‍ 3; ബുധനാഴ്ച ചന്ദ്രനില്‍ ഇറങ്ങും

21 Aug 2023   |   2 min Read
TMJ News Desk

ന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ബുധനാഴ്ച ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രനോട് കൂടുതല്‍ അടുത്തതോടെ ചന്ദ്രോപരിതലത്തിലെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്ന ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.47 ഓടെ ആരംഭിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ് 6.04 ന് പൂര്‍ത്തിയാവും. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ കുറഞ്ഞ ദൂരത്തിലും 134 കിലോമീറ്റര്‍ കൂടിയ ദൂരത്തിലുമുള്ള ഭ്രമണപഥത്തിലാണ്.

ചന്ദ്രയാന്‍ 3 പേടകത്തിലെ വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി നടന്നു. പ്രഗ്യാന്‍ റോവറിനെ വഹിക്കുന്ന വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്ക് ഇറക്കുന്നതിനു മുന്നോടിയായാണ് ഭ്രമണപഥം താഴ്ത്തിയത്. ഭ്രമണപഥം താഴ്ത്തലിലൂടെ സോഫ്റ്റ് ലാന്‍ഡിങ് സുഗമമാക്കുന്നതിനായി പേടകത്തെ ചന്ദ്രനു സമീപത്തേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.

വ്യക്തമായ ചിത്രങ്ങളുമായി ചന്ദ്രയാന്‍ 3

ചന്ദ്രന്റെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങളാണ് കാമറ പകര്‍ത്തിയത്. വലിയ ഗര്‍ത്തങ്ങള്‍ അടക്കം ചിത്രങ്ങളില്‍ വ്യക്തമാണ്. ചന്ദ്രയാന്‍ 3 ലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്റ് അവോയ്ഡന്‍സ് കാമറ പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി ഗര്‍ത്തത്തിന് അടുത്തായി നാലു കിലോമീറ്റര്‍ നീളവും 2.4 കിലോമീറ്റര്‍ വീതിയുമുള്ള പ്രദേശത്ത് ലാന്‍ഡറിനെ ഇറക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ചന്ദ്രന് തിരശ്ചീനമായി സഞ്ചരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ഭ്രമണപഥത്തില്‍ ചന്ദ്രന് ഏറ്റവും അടുത്തെത്തുമ്പോള്‍ ലംബമാക്കി നിര്‍ത്തിയശേഷം ദക്ഷിണധ്രുവം ലക്ഷ്യമാക്കി ഇറങ്ങും. മൊഡ്യൂളിലെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ വിപരീത ദിശയില്‍ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചാണ് ഈ ഘട്ടം പൂര്‍ത്തിയാക്കുക.

ചന്ദ്രനില്‍ സൂര്യപ്രകാശം പതിയുന്ന വേളയില്‍ തന്നെ സോഫ്റ്റ് ലാന്‍ഡിങ് നടത്തുകയാണ് ലക്ഷ്യം. സൂര്യപ്രകാരം ലഭിക്കുന്ന ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം) ആണ് ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തന കാലാവധി. സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായാല്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

തകര്‍ന്നത് 47 വര്‍ഷത്തിനിടയിലെ ദൗത്യം

നീണ്ട ഇടവേളയ്ക്കുശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യം പരാജയപ്പെട്ടതോടെ തകര്‍ന്നടിഞ്ഞത് 47 വര്‍ഷത്തിനിടയിലെ പരിശ്രമമാണ്. റഷ്യന്‍ ചാന്ദ്രപേടകമായ ലൂണ 25 ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ച് തകരുകയായിരുന്നു. സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയായത്. 

1976 ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിന് വെല്ലുവിളിയുയര്‍ത്തി റഷ്യയുടെ ലൂണ 25 ഓഗസ്റ്റ് 11 നായിരുന്നു വിജയകരമായി വിക്ഷേപിച്ചത്. പുലര്‍ച്ചെ 4.30 നായിരുന്നു റഷ്യന്‍ വിക്ഷേപണ കേന്ദ്രമായ വാസ്ടോക്നി കോസ്മോഡ്രോമില്‍ നിന്നും സൂയസ് 2.1 ബി റോക്കറ്റ് പേടകവുമായി കുതിച്ചുയര്‍ന്നത്. അഞ്ചു ദിവസംകൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസംകൊണ്ട് ലാന്‍ഡിങ് നടത്തുകയുമായിരന്നു പദ്ധതി. ഓഗസ്റ്റ് 21 ന് പേടകം ചന്ദ്രനെ തൊടുമെന്നായിരുന്നു പ്രതീക്ഷ.

പ്രതീക്ഷയോടെ ഇന്ത്യ

ചന്ദ്രയാന്‍-2 ന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തില്‍ പൂര്‍ത്തിയാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ശാസ്ത്രസംഘം. ചാന്ദ്രരഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ദൗത്യമാണിത്. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങള്‍, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യംവയ്ക്കുന്നത്.

ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിള്‍ ജി.എസ്.എല്‍.വി മാര്‍ക്ക്-3 യിലാണ് ചന്ദ്രയാന്‍ പേടകം കുതിച്ചുയര്‍ന്നത്. വിക്ഷേപണം കഴിഞ്ഞ് 22-ാം മിനിറ്റില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്ന പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാന്‍ തുടങ്ങി. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനുശേഷം, വീണ്ടും ചന്ദ്രന്റെ കാന്തികവലയത്തിലേക്ക് മടങ്ങും. ചന്ദ്രനില്‍ ഭ്രമണപഥം ഉറപ്പിച്ചശേഷം നിര്‍ണായകമായ സോഫ്റ്റ് ലാന്റിങ് ആഗസ്റ്റ് 23 നായിരിക്കും.

ചന്ദ്രയാന്‍ ദൗത്യശ്രേണിയുടെ ഭാഗമായിട്ടുള്ള ചന്ദ്രയാന്‍-3 ലൂടെ, സോഫ്റ്റ് ലാന്‍ഡിങ് വഴി ചന്ദ്രോപരിതലത്തിലെത്തി ചേരാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതുമൂലം സോഫ്റ്റ് ലാന്‍ഡിംഗിലുള്ള ഇന്ത്യയുടെ കഴിവ് ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്നും കരുതുന്നു. നിലവിലെ പുരോഗതികളെ ആസ്പദമാക്കിയാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ബഹിരാകാശ മേഖല ഒരു ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന സമ്പദ്‌വ്യവസ്ഥയായി തീരുമെന്ന് ഇതിനോടകം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

 

#Daily
Leave a comment