TMJ
searchnav-menu
post-thumbnail

TMJ Daily

തോട്ടം ഭൂമി വിനിയോഗത്തിൽ മാറ്റങ്ങൾ അനിവാര്യം: ബാലഗോപാൽ

13 Oct 2025   |   2 min Read
TMJ News Desk

കേരളത്തിലെ തോട്ടം ഭൂമി വിനിയോഗത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. നൂതനമായ കാർഷിവിളകൾക്കും, കാർഷികേതര മേഖലയുടെ ഉപയോഗത്തിനും, വികസനത്തിനും ഉതകുന്ന നയപരമായ മാറ്റങ്ങൾ അനിവാര്യമാണെന്നും ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടം സംസ്ഥാനത്തിന് ലഭിക്കുന്നതിനുള്ള അനുബന്ധ വ്യവസായങ്ങൾ വികസിപ്പിക്കുന്നതിന് തോട്ടം ഭൂമി ഉപയോഗപ്പെടുത്താൻ നയങ്ങളിൽ മാറ്റം വേണ്ടി വരുമെന്ന് കൊച്ചിയിൽ നടന്ന വിഷൻ 2031 സെമിനാറിൽ അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ആവശ്യത്തിന് ഭൂമിയയുണ്ടെന്ന് പറഞ്ഞ മന്ത്രി പക്ഷേ  പൊതു മനോഭാവം എതിരായതിനാൽ തോട്ടം ഭൂമികൾ കാലോചിതമായ പരിഷ്‌ക്കാരങ്ങൾ വരുത്തി ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. പാരിസ്ഥിതികമായ കോട്ടങ്ങൾ ഇല്ലാതെ തോട്ടം ഭൂമി വ്യവസായത്തിന് അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാനാകും. എന്നാൽ ഈ വിഷയം മുന്നണിയിലോ പാർട്ടിയിലോ ചർച്ച ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബാലഗോപാൽ പറഞ്ഞു. നിയമത്തിലല്ല മനോഭാവത്തിലാണ് മാറ്റം വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോകത്തിലെ തന്നെ വലിയ തുറമുഖങ്ങളിൽ ഒന്നായി വളരുന്ന വിഴിഞ്ഞം പദ്ധതിയുടെ നേട്ടം പൂർണമായും കേരളത്തിന് ലഭിക്കണമെങ്കിൽ അതിനോടനുബന്ധിച്ച് വ്യവസായ മുന്നേറ്റം സാദ്ധ്യമാക്കണം. വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായ ഇടനാഴി വികസിപ്പിക്കാൻ 10,000 ഏക്കർ ഭൂമിയാണ് കണ്ടെത്തേണ്ടത്. 

ജിഎസ്ടി പരിഷ്കരണത്തിലൂടെ കേരളത്തിന് പ്രതിവർഷം 10,000 കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വ്യക്തമായ പഠനമില്ലാതെയും നിരക്ക് ‌ഏകീകരണ സമിതിയിൽ ചർച്ച ചെയ്യാതെയുമാണ് ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചത്. നിരക്ക് കുറച്ചതിന്റെ നേട്ടം പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ല. 

ഒരു ഭാഗത്ത് നികുതി കുറച്ചതു മൂലമുള്ള വരുമാന നഷ്‌ടം നേരിടേണ്ടി വരുന്നതിനൊപ്പം കടമെടുക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും കേരളത്തെ വലിഞ്ഞു മുറുക്കുകയാണ്. 

കേരളത്തിൽ പൊതു കടത്തിന്റെ വളർച്ച നിരക്ക് യഥാർത്ഥത്തിൽ കുറയുകയാണെന്നും ധനമന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിനിടെ മൊത്തം കടം ഇരട്ടിയായി ഉയരുന്ന പ്രവണത കേരളത്തിൽ ഇപ്പോൾ പ്രകടമല്ല. എന്നാൽ കഴിഞ്ഞ  അഞ്ച് വർഷത്തിനിടെ മികച്ച ധനകാര്യ മാനേജ്‌മെന്റും കേന്ദ്രത്തിന്റെ കടുംപിടുത്തവും കാരണം കടത്തിന്റെ വർദ്ധനയുടെ തോത് അൻപത് ശതമാനമായി കുറഞ്ഞു. 

കേന്ദ്രത്തിന്റെ കടുംപിടുത്തം മൂലം അഞ്ച് വർഷത്തിനിടെ 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതകൾ കേരളത്തിന്  നഷ്‌ടമായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി തനതുവരുമാനം ഉപയോഗിച്ചാണ് കേരളം മുന്നോട്ടു പോകുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി. 

ലോട്ടറി ഏജന്റുമാരുടെ ഡിസ്‌കൗണ്ട് കൂട്ടും

ലോട്ടറിയുടെ ജിഎസ്ടി കുത്തനെ വർധിപ്പിച്ച പശ്ചാത്തലത്തിൽ ഏജന്റുമാർ നേരിടുന്ന നഷ്‌ടം പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് ബാലഗോപാൽ പറഞ്ഞു. ഏജന്റുമാരുടെ ഡിസ്‌കൗണ്ടിൽ നേരിയ വർദ്ധനയുണ്ടാകും. ജിഎസ്ടി വർദ്ധന കേരളത്തെയും പശ്ചിമ ബംഗാളിനെയും മാത്രമാണ് ബാധിക്കുന്നത്. അതിനാൽ നിരക്കിൽ മാറ്റമുണ്ടാകാൻ ഇടയില്ല.

#Daily
Leave a comment