Representational image: Pexels
റെയില്‍വേ ശുചിമുറിയില്‍ അശ്ലീലമെഴുതിയ കേസ്സില്‍ കുറ്റപത്രം
റെയില്‍വേ സ്റ്റേഷനുകളിലെയും, കോച്ചുകളിലെയും ശുചിമുറികളില്‍ വ്യക്തികളെ, പ്രത്യേകിച്ചും സ്ത്രീകളുടെ പേരു പറഞ്ഞ് അശ്ലീലം എഴുതുന്ന കുറ്റവാളികള്‍ക്ക് മുന്നറിയിപ്പുമായി സ്ത്രീയുടെ പോരാട്ടം. കഴിഞ്ഞ 5 വര്‍ഷമായി അതിന്റെ പേരില്‍ ഒരു സ്ത്രീ നടത്തുന്ന നിയമയുദ്ധം ഇപ്പോള്‍ വിജയത്തിന്റെ ഒരു ഘട്ടത്തിലെത്തി. കേസ്സില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീക്ക് അവരുടെ ടെലിഫോണില്‍ ലഭിച്ച അശ്ലീല സന്ദേശങ്ങളും, വിളികളുമാണ് കേസ്സിന്റെ തുടക്കം. അതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ തന്റെ പേരും ഫോണ്‍ നമ്പരും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ എഴുതി വച്ചതായി അവര്‍ കണ്ടെത്തി. അതിലെ കയ്യക്ഷരം പരിചതിമാണെന്ന തിരിച്ചറവില്‍ നടത്തിയ കൂടുതല്‍ അന്വേഷണമാണ് കുറ്റവാളിയെക്കുറിച്ചുള്ള സംശയത്തില്‍ എത്തിച്ചത്.
തിരുവനന്തപുരത്തിനടുത്ത് ശ്രീകാര്യത്ത് താമസിച്ചിരുന്ന കാലത്തെ അയല്‍വാസിയാണ് കുറ്റവാളിയെന്ന സംശയത്തില്‍ നല്‍കിയ പരാതിയിലാണ് 5 വര്‍ഷത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. ഇത്തരമൊരു കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത് കേരളത്തില്‍ വളരെ വിരളമായ ഒന്നായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.