TMJ
searchnav-menu
post-thumbnail

ചാൾസ് മൂന്നാമൻ | Photo: Wiki Commons

TMJ Daily

കിരീടധാരണത്തിനൊരുങ്ങി ചാൾസ്; 70 വർഷങ്ങൾക്ക് ശേഷമുള്ള ചടങ്ങുകൾക്ക് സാക്ഷിയാകാൻ ബ്രിട്ടൻ

04 May 2023   |   2 min Read
TMJ News Desk

ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിനായി ബ്രിട്ടനിൽ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓപ്പറേഷൻ ഗോൾഡൻ ഓർബ് എന്നറിയപ്പെടുന്ന ചടങ്ങിന് സാക്ഷികളാകാൻ ബ്രിട്ടനിലെ ജനതയും ലോകമെമ്പാടുമുള്ളവരും കാത്തിരിക്കുകയാണ്. 70 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീടധാരണ ചടങ്ങിനായി പരമ്പരാഗത വസ്ത്രങ്ങളും രാജകീയ കിരീടങ്ങളും വെസ്റ്റ്മിനിസ്റ്റർ ആബിയിൽ എത്തിച്ചുതുടങ്ങി. 900 വർഷങ്ങളായി ബ്രിട്ടനിൽ നിലനിന്നുപോരുന്ന കിരീടധാരണ ചടങ്ങ് മെയ് ആറിന് നടക്കും.

ഇതിന് മുന്നോടിയായി രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ചടങ്ങിന്റെ ഭാഗമായി ബക്കിംങ്ഹാം കൊട്ടാരത്തിൽ നിന്ന് ആബിയിലേയ്ക്ക് ചാൾസ് മൂന്നാമനും കാമിലയും ഘോഷയാത്രയായി പുറപ്പെടും. കിരീടധാരണത്തിന്റെ തുടക്കത്തിൽ രാജാവ് മൂന്ന് സത്യപ്രതിജ്ഞകൾ ചെയ്യും. ആദ്യത്തേത് രാജ്യത്തെ നിയമങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രതിജ്ഞയാണ്. രണ്ടാമത്തേത് നീതിയോടും കരുണയോടും കൂടി ഭരിക്കുന്നതിനെക്കുറിച്ചുള്ളതും മൂന്നാമത്തേത് വിശ്വാസത്തെ (ചർച്ച് ഓഫ് ഇംഗ്ലണ്ട്) സംരക്ഷിക്കുന്നു എന്നതുമാണ്. തുടർന്ന് രാജാവായി അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം രാജാവിന്റെ വസ്ത്രങ്ങളും വാൾ, മോതിരം ചെങ്കോൽ എന്നിവ സമ്മാനിക്കുന്നു. അവസാനമായി കാന്റബറി ആർച്ച് ബിഷപ് പതിനേഴാം നൂറ്റാണ്ടിലെ സെന്റ് എഡ്വേർഡ് കിരീടം തലയിൽ വച്ചുകൊടുത്ത് രാജാവായി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കുന്ന ചടങ്ങുകൾക്ക് ശേഷം രാജാവും രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും ബക്കിംങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യും.

രണ്ട് തലമുറകൾക്ക് ശേഷമുള്ള കിരീടധാരണം

1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം നീണ്ട 70 വർഷങ്ങൾ പിന്നിട്ടാണ് ബ്രിട്ടൻ മറ്റൊരു കിരീടധാരണത്തിന് സാക്ഷിയാകുന്നത്. ചടങ്ങിന് നേരിട്ട് സാക്ഷികളാകാൻ 2000 അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ചാൾസിന്റെ കിരീടധാരണത്തിനു ശേഷം കാമിലയുടെ പദവി രാജപത്നി എന്നതിനു പകരം രാജ്ഞി എന്നാകും. തന്റെ പ്രിയപത്നിയെ തനിക്കൊപ്പം രാജ്ഞിയായി കിരീടധാരണം നടത്തണം എന്ന ചാൾസ് രാജാവിന്റെ ഏറെക്കാലത്തെ മോഹമാണ് യാഥാർത്ഥ്യമാകുന്നത്. ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന് ക്ഷണിക്കുന്നുവെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. ഇതുവരെ രാജപത്നി (ക്വീൻ കൺസോർട്ട്) എന്ന പദവിയായിരുന്നു കാമിലക്ക് ഉണ്ടായിരുന്നത്. കിരീടധാരണത്തോടെ ചാൾസ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കുകയും രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.

1661ൽ നിർമ്മിച്ച സെന്റ് എഡ്വേർഡ് കിരീടം, 2868 വജ്രങ്ങൾ നിറഞ്ഞ ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ, കുരിശോടു കൂടിയ ചെങ്കോൽ, തൈലാഭിഷേകത്തിനുപയോഗിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ സ്പൂൺ, 1831ൽ നിർമ്മിച്ച കിരീടധാരണ മോതിരം തുടങ്ങിയവ ചടങ്ങു നടക്കുന്ന വെസ്റ്റ്മിനിസ്റ്റർ ആബിയിൽ ഒരുങ്ങിക്കഴിഞ്ഞു. കാന്റർബെറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർമികത്വത്തിലായിരിക്കും ചടങ്ങുകൾ. ചരിത്രത്തിലാദ്യമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വനിതാ ബിഷപ് റൈറ്റ് റവ. ഗുലി ഫ്രാൻസിസ് ദെഹ്ക്വാനി സഹകാർമികയാകും. യു കെ പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾ വായിക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി മറ്റ് മതാധ്യക്ഷൻമാർക്കും ആശംസയറിയിക്കുന്നതിനുള്ള അവസരമുണ്ടാകും.

പരിസ്ഥിതി സൗഹാർദം കിരീടധാരണച്ചടങ്ങിലും

പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കായി പ്രചാരണം നടത്തിയിരുന്നതിനാൽ ചാൾസ് മൂന്നാമന്റെ കീരീടധാരണ ചടങ്ങുകളിലും അവ പ്രതിഫലിക്കുമെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. അമ്മ എലിസബത്ത് രാജ്ഞിയും മുത്തച്ഛൻ ജോർജ് ആറാമനും ധരിച്ച വസ്ത്രങ്ങളാണ് ചാൾസ് മൂന്നാമനും ധരിക്കുക. ഇതിനുപുറമെ 1821ൽ നിർമ്മിച്ചെന്ന് കരുതപ്പെടുന്ന കൈയുറകളും മറ്റ് വസ്തുക്കളും ചാൾസ് മൂന്നാമൻ ചടങ്ങിൽ ഉപയോഗിക്കുമെന്ന് ബക്കിംങ്ഹാം കൊട്ടാരം വെളിപ്പെടുത്തി. കൂടാതെ എലിസബത്ത് രാജ്ഞി കിരീടധാരണത്തിന് ഉപയോഗിച്ച കൈയുറയും ജോർജ് ആറാമന്റെ പുറം കുപ്പായവും വാൾ ബന്ധിക്കുന്ന ബെൽറ്റും, സ്വർണ നൂലിൽ നിർമ്മിക്കപ്പെട്ട കൈയ്യുറയും ഇതിലുൾപ്പെടുന്നു.

കോഹിനൂർ രത്‌നം ധരിക്കാതെ കാമില

രാജപത്‌നി പദവിയിൽ നിന്നും രാജ്ഞിയായി ഉയർത്തപ്പെടുന്ന കാമില കോഹിനൂർ രത്‌നം ധരിക്കില്ലെന്ന് ബക്കിംങ്ഹാം കൊട്ടാരം അറിയിച്ചു. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണ സമയത്ത് പത്‌നി മേരി അണിഞ്ഞ കിരീടത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കാമില ധരിക്കുക.  അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്ഞിയുടെ കൈവശമുണ്ടായിരുന്ന കല്ലിനൽ ഡയമണ്ടുകളാണ് കോഹിനൂറിന് പകരം കിരീടത്തിലുണ്ടാവുക.

കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്ത കോഹിനൂറിനെ 1849ൽ വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയായിരുന്നു. 105 കാരറ്റുള്ള കോഹിനൂർ എലിസബത്ത് രാജ്ഞിയുടെ അമ്മ എലിസബത്ത് ബൗവ്‌സ്-ലയോണിന്റെ (ക്വീൻ മദർ) കിരീടത്തിലാണ് ഇപ്പോഴുള്ളത്. 1937ൽ ജോർജ് ആറാമൻ രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ പത്‌നിയായ എലിസബത്ത് ബൗവ്‌സ്-ലയോൺ കോഹിനൂർ പതിച്ച കിരീടം ധരിച്ചിരുന്നു. ക്വീൻ മദറിനും മേരി രാജ്ഞിക്കും മുന്നേ 1902ൽ എഡ്വേഡ് ഏഴാമന്റെ കിരീടധാരണ വേളയിൽ അദ്ദേഹത്തിന്റെ പത്‌നി അലക്‌സാൻഡ്രയും കോഹിനൂർ പതിപ്പിച്ച കിരീടമാണ് ധരിച്ചത്. കോഹിനൂർ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കുന്നതിനാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നീക്കം.


#Daily
Leave a comment