PHOTO: PTI
ചാള്‍സ് മൂന്നാമന്‍ പൊതുപരിപാടികളില്‍ നിന്ന് മാറിനില്‍ക്കും, തീരുമാനം ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ
ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. പൊതുപരിപാടികളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെന്നും ചികിത്സ ആരംഭിക്കുന്നുവെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവ് എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ചുമതലകളില്‍ നിന്നും മാറിനില്‍ക്കില്ല
രാജാവെന്ന പദവിയില്‍ ചാള്‍സ് മൂന്നാമന്‍ തുടരും. പൊതുപരിപാടികളില്‍ നിന്നും ജനസമ്പര്‍ക്കത്തില്‍ നിന്നും മാറിനില്‍ക്കുമെങ്കിലും രാഷ്ട്രതലവന്‍ എന്ന നിലയില്‍ ഭരണഘടനാപരമായ ചുമതലകള്‍ കൈമാറുകയില്ലെന്ന് കൊട്ടാരം അറിയിച്ചു. എന്തുതരം അര്‍ബുദമാണെന്ന് നിലവില്‍ വ്യക്തമാക്കിയിട്ടില്ല. പ്രോസ്‌റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയ്ക്കിടെയാണ് കണ്ടെത്തിയതെങ്കിലും പ്രോസ്‌റ്റേറ്റ് അര്‍ബുദമല്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം മേയ് മാസത്തിലാണ് 75 കാരനായ ചാള്‍സ് ബ്രിട്ടന്റെ രാജാവായി അധികാരമേറ്റത്. 2022 സെപ്റ്റംബര്‍ 8 ന് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ ചുമതലയേല്‍ക്കുകയായിരുന്നു.