കൊച്ചിയിൽ രാസവാതക ചോർച്ച; പ്രശ്നം പരിഹരിച്ച് അദാനി കമ്പനി
ബ്രഹ്‌മപുരം വിഷപ്പുകയ്ക്ക് പിന്നാലെ കൊച്ചി നഗരത്തിൽ രാസവാതക ചോർച്ച. കങ്ങരപ്പടി, അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ചയാണ് കാരണം. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധമാണ് അനുഭവപ്പെട്ടത്. പാചകവാതത്തിന് ഗന്ധം നല്കുന്ന ടെർട്ട് ബ്യൂട്ടൈൽ മെർക്കപ്റ്റൺ എന്ന രാസവസ്തുവാണ് ചോർന്നത്. പ്രശ്‌നം പരിഹരിച്ചുവെന്നും രൂക്ഷഗന്ധം ഒഴിച്ചാൽ മറ്റ് അപകടസാധ്യത ഇല്ലെന്നും കമ്പനി അധികൃതർ അറിയിച്ചു.
കൊച്ചി നഗരസഭാ പരിധിയിൽ സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കമിട്ട ദിവസം തന്നെയായിരുന്നു രാസവാതകച്ചോർച്ച ഉണ്ടായത്. നഗരത്തിലെ വീടുകളിലും ഹോട്ടലുകളിലും പൈപ്പുവഴി പാചകവാതകം ലഭിക്കുന്ന പദ്ധതിക്കാണ് കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. നിലവിൽ ഒമ്പത് ഡിവിഷനുകളിലായി 16,000 കണക്ഷനുകളാണ് നല്കിയിരിക്കുന്നത്. കൂടുതൽ മേഖലകളിലേയ്ക്കായി പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിയുടെ ചുമതലക്കാർ. സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗമാണ് സിറ്റി ഗ്യാസ് പദ്ധതിയെന്ന് നഗരസഭാ മേയർ അനിൽകുമാർ പറഞ്ഞു.