പൗഡറിലെ രാസവസ്തു സാന്നിധ്യം; 72,000 കോടി നഷ്ടപരിഹാരം നല്കാൻ ജോൺസൺ ആൻഡ് ജോൺസൺ
യു.എസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ ഒത്തുതീർപ്പിനൊരുങ്ങുന്നു. കമ്പനിയുടെ ടാൽക്കം പൗഡറിൽ കാൻസറിന് കാരണമാകുന്ന രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാനാണ് 8.9 ബില്യൺ ഡോളർ കമ്പനി പ്രഖ്യാപിച്ചത്. ഏകദേശം 72,000 കോടിയാണ് നഷ്ടപരിഹാരത്തുക.
ഒത്തുതീർപ്പിന് കോടതിയുടെ അനുമതി അവശ്യമാണെന്ന് ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പറഞ്ഞു. 2020 മെയ് മാസത്തിൽ പൗഡറിന്റെ ഉൽപ്പാദനം നിർത്തിവെച്ചിരുന്നു. കാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം പൗഡറിൽ കണ്ടെത്തിയതോടെ 38,000ത്തിൽ അധികം ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്.
2020 ൽ തന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും, കാനഡയിലും ടാൽക്ക് ബേബി പൗഡർ വിൽപ്പന കമ്പനി അവസാനിപ്പിച്ചിരുന്നു. 2019ൽ 33,000 ബോട്ടിൽ പൗഡറാണ് കമ്പനി തിരിച്ചെടുത്തത്. ടാൽക്കം പൗഡറുമായി ബന്ധപ്പെട്ട ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും കമ്പനി ഇതുവരെയും തങ്ങളുടെ വീഴ്ച സമ്മതിച്ചിട്ടില്ല. പരാതിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ ശാസ്ത്രീയമായ യോഗ്യതകളില്ലാത്തതാണെന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ എറിക് ഹാസ് പറഞ്ഞു.
25 വർഷത്തിനുള്ളിൽ പതിനായിരക്കണക്കിന് പരാതിക്കാർക്ക് 8.9 ബില്യൺ ഡോളർ നൽകുമെന്ന് കമ്പനി അറിയിച്ചു. പൗഡർ ഉപയോഗിച്ചതിന്റെ ഫലമായി ഒവേറിയൻ കാൻസർ പോലുളള രോഗങ്ങൾ ഉണ്ടായെന്ന ആരോപണങ്ങളും വർഷങ്ങൾക്ക് മുമ്പ് ഉയർന്നു വന്നിരുന്നു. അതേസമയം ഇപ്പോൾ നഷ്ടപരിഹാരം നൽകുന്നതിനർത്ഥം വിഷയം എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തെ തുടർന്നാണെന്നും തെറ്റ് ചെയ്തുവെന്ന് സമ്മതിക്കുകയല്ലെന്നും കമ്പനി അറിയിച്ചു.
ഒത്തുതീർപ്പിനായി നൽകുന്ന തുക കമ്പനി തെറ്റ് ചെയ്തതിന്റെ അംഗീകാരമോ കമ്പനിയുടെ ടാൽക്കം പൗഡർ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന ദീർഘകാല നിലപാട് മാറ്റിയതിന്റെ സൂചനയോ അല്ലെന്ന് കമ്പനി പറഞ്ഞു. പക്ഷേ ഈ വിഷയം എത്രയും വേഗത്തിൽ പരിഹരിക്കുന്നതിനായാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.