PHOTO: WIKI COMMONS
രസതന്ത്ര നൊബേല്‍ പങ്കിട്ട് മൂന്നുപേര്‍; പുരസ്‌കാരം നാനോടെക്‌നോളജി മുന്നേറ്റത്തിന്
ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നാനോടെക്‌നോളജിയില്‍ മുന്നേറ്റം നടത്തിയ മൂന്ന് യുഎസ് ഗവേഷകര്‍ക്ക്. മൗംഗി ജി ബാവെന്‍ഡി (എംഐടി, യുഎസ്എ), ലൂയി ഇ ബ്രസ് (കൊളംബിയ യൂണിവേഴ്‌സിറ്റി), അലക്‌സി ഐ എക്കിമോവ് (വാവിലോവ് സ്‌റ്റേറ്റ് ഒപ്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, യുഎസ്എ) എന്നിവര്‍ക്കാണ് പുരസ്‌കാരം. ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
അലക്‌സി ഐ എക്കിമോവാണ് 1981 ല്‍ ക്വാണ്ടം ഡോട്ട്‌സ് എന്ന ആശയത്തെ ആദ്യമായി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തുന്നത്. നേര്‍ത്ത അതിസൂക്ഷ്മമായ കണങ്ങളാണ് ക്വാണ്ടം ഡോട്ട്‌സ്. അവയുടെ വലുപ്പമാണ് അതിന്റെ അസ്തിത്വത്തെ നിര്‍ണയിക്കുന്നത്. ഇന്ന് ടിവി സ്‌ക്രീനില്‍ നിന്നും എല്‍ഇഡി ലാബുകളില്‍ നിന്നും അവയുടെ പ്രകാശം പരക്കുന്നുണ്ട്. അവയ്ക്ക് രാസപ്രതികരണങ്ങള്‍ ഉളവാക്കാനും സാധിക്കും.
ശാസ്ത്രജ്ഞര്‍ നിറമുള്ള പ്രകാശം സൃഷ്ടിക്കാനാണ് പ്രധാനമായും ക്വാണ്ടം ഡോട്ടുകളെ ഉപയോഗിച്ചത്. ഇലക്‌ട്രോണിക്‌സ്, മിനിസ്‌ക്യൂള്‍ സെന്‍സറുകള്‍, സോളാര്‍ ബാറ്ററികള്‍ എന്നിവയിലും ഇവ ഉപയോഗിക്കാനാകും. കൂടാതെ കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങള്‍ കണ്ടെത്തി പ്രദര്‍ശിപ്പിക്കാനും കാന്‍സര്‍ ചികിത്സയ്ക്കും ഇവ ഉപയോഗിക്കുന്നുണ്ട്. ഭാവിയില്‍ എന്‍ക്രിപ്റ്റ് ചെയ്ത ക്വാണ്ടം ആശയവിനിമയത്തിനും ഇവ സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
കരോലിന്‍ ആര്‍ ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡന്‍, കെ ബാരി ഷാര്‍പ്ലെസ് എന്നിവര്‍ക്കായിരുന്നു കഴിഞ്ഞവര്‍ഷം രസതന്ത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്ട്രിക്കും ബയോ ഓര്‍ത്തോഗണല്‍ കെമിസ്ട്രിക്കും നല്‍കിയ സംഭാവനകള്‍ക്കായിരുന്നു പുരസ്‌കാരം.
പേരുകള്‍ ചോര്‍ന്നു
നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ ജേതാക്കളുടെ പേരുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. റോയല്‍ സ്വീഡിഷ് അക്കാദമി സയന്‍സസില്‍ നിന്നും അമേരിക്കന്‍ സ്വദേശികളായ മൂന്നു രസതന്ത്രശാസ്ത്രജ്ഞരുടെ പേരുകള്‍ സ്വീഡിഷ് ടെലിവിഷന്‍ ആന്റ് റേഡിയോ പബ്ലിക് ബ്രോഡ്കാസ്‌റ്റേഴ്‌സ് ദിനപത്രത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ജൂറി പ്രതികരിച്ചു.
ഭൗതികശാസ്ത്ര നൊബേലും മൂന്നുപേര്‍ പങ്കിട്ടു
2023 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍ ഫെറന്‍ ക്രൗസ്, സ്വീഡിഷ് ഗവേഷക ആന്‍ ലൂലിയെര്‍ എന്നിവര്‍ സ്വന്തമാക്കി. ഭൗതികശാസ്ത്ര നൊബേല്‍ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആന്‍ ലൂലിയെര്‍. ഇലക്‌ട്രോണ്‍ ഡൈനാമിക്‌സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്‌കാരം.
പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങള്‍ നടത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞതായി കണ്ടെത്തി. ഇലക്‌ട്രോണുകള്‍ ധ്രുതഗതിയില്‍ ചലിക്കുകയും അവയ്ക്ക് ഊര്‍ജമാറ്റം സംഭവിക്കുകയും ചെയ്യുമ്പോള്‍ അവ കൃത്യമായി നിര്‍ണയിക്കാന്‍ മൂവരും ചേര്‍ന്ന് തയ്യാറാക്കിയ സൂക്ഷ്മപ്രകാശ സ്പന്ദനങ്ങള്‍ സഹായിക്കുമെന്നും നൊബേല്‍ സമിതിയുടെ കുറിപ്പില്‍ പറയുന്നു.
അലെയ്ന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലൗസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവരാണ് കഴിഞ്ഞവര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്. ക്വാണ്ടം കമ്പ്യൂട്ടിങിനും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അടിത്തറയിടുന്ന പരീക്ഷണങ്ങള്‍ക്കായിരുന്നു പുരസ്‌കാരം.
വൈദ്യശാസ്ത്രത്തില്‍ കോവിഡ് പ്രതിരോധത്തിന്
ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് കാറ്റലിന്‍ കാരിക്കോയും ഡ്രൂ വൈസ്മാനും അര്‍ഹരായി. കോവിഡ് 19 എംആര്‍എന്‍എ വാക്‌സിന്‍ വികസനത്തിനുള്ള ഗവേഷണത്തിനാണ് പുരസ്‌കാരം. ഇരുവരും വര്‍ഷങ്ങളായി നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് ഫൈസര്‍, മൊഡേണ കമ്പനികള്‍ക്ക് വാക്‌സിന്‍ പെട്ടെന്നു നിര്‍മിക്കാനായത്.
സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍ഡെ പാബോയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍. ഹൊമിനിന്‍സില്‍ നിന്ന് നിലവിലെ മനുഷ്യരായ ഹോമോസാപിയന്‍സ് വ്യത്യസ്തരാകുന്നത് എങ്ങനെയെന്ന് കണ്ടെത്തിയതിനായിരുന്നു പുരസ്‌കാരം.
സാഹിത്യത്തിനുള്ള പുരസ്‌കാരം നാളെയും സമാധാനത്തിനുള്ള പുരസ്‌കാരം വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിനുള്ളത് ഒമ്പതിന് പ്രഖ്യാപിക്കും. പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുന്ന തുകയില്‍ ഈ വര്‍ഷം 10 ശതമാനം വര്‍ധനവ് നൊബേല്‍ ഫൗണ്ടേഷന്‍ വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോള്‍ഡ് മെഡലും സര്‍ട്ടിഫിക്കറ്റും ഡിസംബറില്‍ നടക്കുന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് വിതരണം ചെയ്യും. 1895 ല്‍ അന്തരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണാര്‍ത്ഥമാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.