TMJ
searchnav-menu
post-thumbnail

TMJ Daily

അഫ്ഗാനില്‍ ചെസ്സിന് നിരോധനം; ഇസ്ലാമിക നിയമവിരുദ്ധമെന്ന് താലിബാന്‍

12 May 2025   |   1 min Read
TMJ News Desk

ചൂതാട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെസ്സ് നിരോധിച്ചു. അനിശ്ചിതകാലത്തേക്കാണ് നിരോധനം. ഇസ്ലാമിക നിയമത്തിന് ഉചിതമാകുന്നത് വരെ ചെസ് നിരോധിക്കാനാണ് തീരുമാനം.

താലിബാന്‍ നിരോധിക്കുന്ന ഏറ്റവും അവസാനത്തെ മത്സരമാണ് ചെസ്സ്. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളെ എല്ലാ കായിക ഇനങ്ങളില്‍നിന്നും വിലക്കിയിട്ടുണ്ട്.

യുഎസ് അഫ്ഗാനില്‍ യുദ്ധം അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെ 2021 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ രാജ്യത്ത് താലിബാന്‍ ഇസ്ലാമിക നിയമ പ്രകാരമുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി വരികയാണ്.

ഇസ്ലാമിക ശരിയ നിയമം ചെസ്സിനെ ചൂതാട്ടത്തിനുള്ള മാര്‍ഗമായി കണക്കാക്കുന്നുവെന്ന് താലിബാന്‍ സര്‍ക്കാരിന്റെ കായിക ഡയറക്ടറേറ്റിന്റെ വക്താവ് അടല്‍ മാഷ്വാനി പറഞ്ഞു.

ചെസ്സിനെ സംബന്ധിച്ച് മതപരമായ ആശങ്കകള്‍ ഉണ്ടെന്നും അവ പരിഹരിക്കുന്നത് വരെ അഫ്ഗാനിസ്ഥാനില്‍  ചെസ്സ്  നിരോധിക്കുന്നുവെന്നും അടല്‍ പറഞ്ഞു.

മറ്റ് മുസ്ലിം രാജ്യങ്ങളില്‍  ചെസ്സ്  അനുവദിക്കുന്നുണ്ടെന്ന് കാബൂളില്‍ അനൗദ്യോഗിക  ചെസ്സ്  മത്സരങ്ങള്‍ നടത്തുന്ന അസ്സീസ്സുള്ള ഗുല്‍സാദ പറഞ്ഞു. തന്റെ കഫേയിലാണ് അദ്ദേഹം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. യുവാക്കള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും അതിനാല്‍ ധാരാളം പേര്‍  ചെസ്സ് കളിക്കാനായി കഫേയില്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും തന്റെ ബിസിനസിനെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം താലിബാന്‍ മാര്‍ഷല്‍ ആര്‍ട്‌സും നിരോധിച്ചിരുന്നു. വളരെയധികം അക്രമാസക്തവും ശരിയ നിയമ വിരുദ്ധമായതുമാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അഫ്ഗാനിസ്ഥാനില്‍ ഏറെ ചോരപ്പുഴയൊഴുക്കിയിട്ടുള്ള താലിബാന്‍ മാര്‍ഷല്‍ ആര്‍ട്‌സ് നിരോധിച്ചത്.





#Daily
Leave a comment