TMJ
searchnav-menu
post-thumbnail

TMJ Daily

ഹിന്ദു പത്രത്തിന് തിരുത്തുമായി മുഖ്യമന്ത്രി 

01 Oct 2024   |   1 min Read
TMJ News Desk

ദി ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ തന്റെ ചില പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അത് തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പത്രാധിപർക്ക് നൽകിയ ഒരു കത്തിൽ മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയാണ് പരാമർശം തിരുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെ വ്യാപകമായ വിമർശനവും പ്രതിഷേധവും ഉടലെടുത്തതിനെ തുടർന്നാണ് തിരുത്തൽ വേണമെന്ന ആവശ്യം മുന്നോട്ടു വച്ചത്.

കള്ളക്കടത്തു വഴിയെത്തുന്ന സ്വർണ്ണവും പണവും തീവ്രവാദ പ്രവർത്തനങ്ങളടക്കം സംസ്ഥാന-ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഉപയോഗിക്കുന്നുവെന്നാണ് പറഞ്ഞതെന്നും ഏതെങ്കിലും സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും കത്തിൽ വെളിപ്പെടുത്തി. തെറ്റായ വ്യാഖ്യാനം തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് തിരുത്തൽ നടത്തണമെന്ന ആവശ്യം മുന്നോട്ടു വച്ചത്.

മുഖ്യമന്ത്രിയുടെ പേരിൽ വന്ന അഭിമുഖത്തിലെ മലപ്പുറത്തെ കുറിച്ചുള്ള പരാമർശത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷമായി വിമർശിച്ചു. ഡൽഹിയിൽ സംഘപരിവാറിനെ സന്തോഷിപ്പിക്കുവാൻ നടത്തിയ പരാമർശം എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിച്ചു. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരമൊരു പരാമർശം നടത്തിയതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment