
കേന്ദ്രസഹായം ലഭിക്കുന്നില്ല, പാർലമെന്റിൽ പ്രതിഷേധിക്കണമെന്ന് എംപിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ
വയനാട് - ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് കേരളത്തിന് അർഹമായ ദുരന്ത സഹായം നൽകാത്ത, കേന്ദ്ര സർക്കാരിന് നേരെ പാർലമെന്റിൽ പ്രതിഷേധിക്കണമെന്ന് എംപി മാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉരുൾപൊട്ടലിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചിട്ട് 100 ദിവസത്തിലേറെയായെങ്കിലും പ്രത്യേക ധനസഹായമായി കേരളത്തിന് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. അതേസമയം, രേഖാമൂലം ആവശ്യപ്പെടാതെ തന്നെ മറ്റ് സംസ്ഥാനങ്ങൾക്കു കേന്ദ്രം സഹായം നൽകിയിട്ടുണ്ട്. കേന്ദ്ര സംഘം ദുരന്ത സ്ഥലത്തു വന്നു പോയിട്ട് മാസങ്ങൾ ഏറെയായെങ്കിലും യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് ലഭിക്കുന്ന കേന്ദ്ര വിഹിതവും, ഗ്രാന്റും ഇപ്പോൾ വൻതോതിൽ കുറച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ 4,000 കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണമെന്നും അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
എസ്ഡിആർഎഫിൽ നിന്നും സിഎംഡിആർഎഫിൽ നിന്നുമായി ഏകദേശം 25 കോടിയിലധികം രൂപയാണ് അടിയന്തര സഹായത്തിനും, പുനരധിവാസത്തിനുമായി കേരളം നൽകിയിട്ടുള്ളത്. ഇതിനുപുറമെ മാതാപിതാക്കൾ മരണപ്പെട്ട കുഞ്ഞുങ്ങൾക്കുള്ള പ്രത്യേക ധനസഹായം വനിത- ശിശുവികസന വകുപ്പിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ പിഎംഎൻആർഎഫിൽ നിന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായമായും, ഗുരുതര പരിക്കേറ്റവർക്കുള്ള ചികിത്സാ സഹായമായും ആകെ 3.31 കോടി രൂപ മാത്രമാണ് കേന്ദ്രം കേരളത്തിനായി അനുവദിച്ചത്.
അതേസമയം വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്ര സർക്കാർ നൽകാനിരുന്ന 817.80 കോടി രൂപ പ്രീമിയം റവന്യൂ ഷെയറിങിലൂടെ തിരിച്ചടയ്ക്കണമെന്ന് ഇപ്പോൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഇത് കേരളത്തിന് 12,000 കോടി രൂപയുടെ വരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


