
മുഖ്യമന്ത്രി ഡൽഹിയിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും കാണും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട. കേരളത്തിന് എയിംസ്, ദേശീയപാത വികസനം തുടങ്ങിയവയും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയങ്ങളാവും. ദുരന്തനിവാരണത്തിനായി 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം കേരളം നേരത്തേ മുന്നോട്ട് വച്ചിരുന്നു. എന്നാൽ ഒക്ടോബർ 1ന് കേന്ദ്രം വെറും 260.56 കോടി രൂപ മാത്രമാണ് കേരളത്തിന് പ്രഖ്യാപിച്ചത്. അതും ദുരന്തമുണ്ടായി 14 മാസത്തിന് ശേഷമാണ് ധനസഹായം അനുവദിച്ചത്. നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വായ്പയായി 529.50 കോടി രൂപയും അനുവദിച്ചിരുന്നു.
അതേസമയം മറ്റ് സംസ്ഥാനങ്ങൾക്ക് ദുരന്തനിവാരണത്തിന് കേരളത്തിനെ അപേക്ഷിച്ച് കൂടുതൽ പണം കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കൂടാതെ മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.


