
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കുമെന്നും യോഗത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക യോഗം വിളിച്ചത്. ധനവകുപ്പ്, തദ്ദേശവകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. അനര്‍ഹരെന്ന് കണ്ടെത്തിയ 63 പേരെ നേരില്‍ കണ്ട് പരിശോധന നടത്താനുള്ള നീക്കം കോട്ടക്കല്‍ നഗരസഭയും ആരംഭിച്ചിട്ടുണ്ട്. കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


