
ജമ്മുകശ്മീരില്‍ നിലവില്‍ 575 മലയാളികളുണ്ടെന്ന് മുഖ്യമന്ത്രി
ജമ്മുകശ്മീരില്‍ 575 മലയാളികള്‍ ഉണ്ടെന്ന വിവരം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഒരുക്കിയ ഹെല്‍പ്പ് ഡെ്‌സ്‌കിലെ 49 രജിസ്‌ട്രേഷനുകളിലാണ് ഇത്രയും മലയാളികളുടെ വിവരങ്ങള്‍ ലഭിച്ചത്.
കശ്മീരില്‍ കുടുങ്ങിയ കേരളീയര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ആക്രമണം ഉണ്ടായി അല്പ സമയത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു.
'സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ നിന്ന് വിവരങ്ങള്‍ നല്‍കുന്നതിനും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യം ഒരുക്കി. നിലവില്‍ ലഭിച്ച 49 രജിസ്ട്രേഷനിലൂടെ 575 പേര്‍ കാശ്മീരില്‍ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു.
യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവര്‍ക്ക് അവ സജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുടര്‍ യാത്രക്കായി ടിക്കറ്റ് ബുക്കിങ്ങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും അവിടെ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യം മുക്തമായിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണ് ഇത്. അവിടെ ജീവന്‍ നഷ്ടമായവരില്‍ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവര്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


