ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച സംഭവം; വയനാട്ടിൽ ഡോക്ടറെ പിരിച്ചുവിട്ടു
ആദിവാസി വിഭാഗത്തിൽപ്പെട്ട ആറുമാസം പ്രായമുള്ള കുട്ടി ചികിത്സ ലഭിക്കാതെ മരണപ്പെട്ടതിൽ ഡോക്ടർക്കെതിരെ നടപടി. മാനന്തവാടി മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനായിരുന്ന ഡോക്ടറെ പിരിച്ചു വിട്ടു. മാർച്ച് 22 നാണ് മാനന്തവാടി കെല്ലൂർ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ്-ലീല ദമ്പതികളുടെ കുഞ്ഞ് മരിച്ചത്.
ന്യുമോണിയയും വിളർച്ചയും ബാധിച്ച കുട്ടിയെ വേണ്ട വിധത്തിലുള്ള ചികിത്സക്ക് വിധേയമാക്കാതെ മരുന്നു നൽകി പറഞ്ഞയക്കുകയായിരുന്നു. പിറ്റേദിവസമാണ് കുട്ടി മരിക്കുന്നത്. ന്യുമോണിയയും വിളർച്ചയും കാരണമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ പരിശോധനാ റിപ്പോർട്ടിൽ ശ്വാസകോശത്തിൽ അണുബാധയില്ല എന്നാണ് ഡോക്ടർ എഴുതിയിരുന്നത്. കുട്ടിയുടെ തൂക്കക്കുറവും പോഷകാഹാരക്കുറവും ഡോക്ടർ തിരിച്ചറിഞ്ഞില്ല. ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. ആരോഗ്യവകുപ്പിനു കീഴിലെ പ്രാദേശിക ആരോഗ്യപ്രവർത്തകരായ രണ്ട് നേഴ്‌സുമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.