PHOTO: UNICEF
രാജ്യത്ത് കുട്ടിക്കടത്ത് ഉയരുന്നു: മുന്നില്‍ ഉത്തര്‍പ്രദേശ്; മണിക്കൂറില്‍ അപ്രത്യക്ഷമാകുന്നത് 12 പേര്‍
രാജ്യത്ത് കുട്ടികളെ കടത്തുന്നതില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട്. 2016 നും 2022 നും ഇടയില്‍ ഏറ്റവും അധികം കുട്ടികള്‍ കടത്തപ്പെട്ടത് ഉത്തര്‍പ്രദേശില്‍ നിന്നുമാണ്. കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷനും ഗെയിംസ് 24X7 ഉം സംയുക്തമായി സമാഹരിച്ച ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് മണിക്കൂറില്‍ ശരാശരി 12 കുട്ടികളെയാണ് കാണാതാകുന്നത്. ഒരു ദിവസം കാണാതാകുന്നത് 296 കുട്ടികളും മാസത്തില്‍ അത് 9,019 കുട്ടികളുമാണ്.
കോവിഡിനു മുമ്പായി 2016-2022 കാലത്ത് ഉത്തര്‍പ്രദേശില്‍ നിന്ന് കടത്തപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത് 267 കേസുകള്‍ ആയിരുന്നു. എന്നാല്‍ കോവിഡിനുശേഷം 2021-2022 കാലഘട്ടത്തില്‍ 1,214 കുട്ടികളാണ് കടത്തപ്പെട്ടത്. ഡല്‍ഹിയിലും കോവിഡിനുശേഷം കുട്ടികളെ കടത്തുന്ന കേസുകളില്‍ 68 ശതമാനം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരാണ് കുട്ടിക്കടത്തില്‍ മുന്നില്‍.
2016-2022 വര്‍ഷങ്ങളില്‍ കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്റെ സമയോചിതമായ ഇടപെടലിലൂടെ 13,549 കുട്ടികളെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ട കുട്ടികളില്‍ 80 ശതമാനവും 13 നും 18 നും ഇടയില്‍ പ്രായമുള്ളവരും 13 ശതമാനം പേര്‍ ഒമ്പതിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളും രണ്ടു ശതമാനത്തിലധികം കുട്ടികള്‍ ഒമ്പതു വയസ്സിനു താഴെയുള്ളവരുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തിലും കാണാതാകുന്ന കുട്ടികള്‍ വര്‍ധിക്കുന്നു
കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാകുന്നത് ശരാശരി മൂന്നു കുട്ടികളെയാണ്. 2016 ല്‍ 7,435 ഉം 2017 ല്‍ 9,202 ഉം 2018 ല്‍ 11,536 കുട്ടികളെയും 2019 ല്‍ അത് കുത്തനെ ഉയര്‍ന്ന് 12,802 കേസുകളുമായി ഉയര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ല്‍ അത് 8,742 കേസുകളായി കുറഞ്ഞു. 2021 ല്‍ 9,713 ഉം 2022 ല്‍ 11,259 പേരുമായി വീണ്ടും ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 5,878 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തു നിന്നും കാണാതാകുന്ന ഭൂരിഭാഗം കുട്ടികളെയും പോലീസിനു കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാണാതായ 61 കുട്ടികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ 43 പേര്‍ ആണ്‍കുട്ടികളും 18 പെണ്‍കുട്ടികളുമാണ്. 2018 മുതല്‍ 2023 മെയ് വരെയുള്ള കണക്കാണിത്. നിസാര കാര്യങ്ങള്‍ക്കു മാതാപിതാക്കളുമായി വഴക്കിട്ടു വീടുവിട്ടിറങ്ങുന്നവരാണ് കാണാതാവുന്നവരില്‍ ഭൂരിഭാഗവും. ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്.
ബാലവേലയും വ്യാപകം
ബാലവേല വ്യാപകമാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ ഹോട്ടലുകളിലും ധാബകളിലുമാണ് ഏറ്റവുമധികം കുട്ടികള്‍ തൊഴില്‍ ചെയ്യുന്നത് (15.6 ശതമാനം). അഞ്ചും എട്ടും വയസ്സുള്ള കുട്ടികള്‍ സൗന്ദര്യവര്‍ധക വ്യവസായമേഖലയിലും പണിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ ഓട്ടോമൊബൈല്‍, ഗതാഗത വ്യവസായരംഗത്തും വസ്ത്രവ്യാപാര മേഖലയിലും കുട്ടികളെകൊണ്ട് പണിയെടുപ്പിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നവജാത ശിശുക്കളും കാണാതാകുന്നവരില്‍പെടുന്നു. കുട്ടികളില്ലാത്തവര്‍ക്ക് കുഞ്ഞുങ്ങളെ വില്‍ക്കുന്നതു മുതല്‍ ചെറുതും വലുതുമായ കുട്ടിക്കടത്തും കുറ്റകൃത്യങ്ങളുമാണ് രാജ്യത്ത് വ്യാപകമായി നടക്കുന്നത്. കണ്ടെത്തിയ കണക്കുകളെക്കാള്‍ മറഞ്ഞിരിക്കുന്നവ എത്രയെന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ്.