REPRESENTATIONAL IMAGE: PTI
കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് കവറേജ്; മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച് ഇന്ത്യ
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ കുത്തിവയ്പ്പ് കവറേജില്‍ മുന്‍നിരയില്‍ ഇടം പിടിച്ച് ഇന്ത്യ. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ കവറേജിന്റെ 2022 ലെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതില്‍ 2021 ലെ അപേക്ഷിച്ച് വലിയ രീതിയില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ല്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ 82 ശതമാനമായിരുന്ന നിരക്ക് കുത്തനെ ഉയര്‍ന്ന് 91 ശതമാനമായി. ഡിപിടി3 എന്ന പ്രതിരോധ കുത്തി വയ്പ്പിന്റെ കണക്കാണ് കഴിഞ്ഞ 18 ന് പുറത്ത് വന്നത്. ഡിഫ്തീരിയ, പെര്‍ട്ടുസിസ്, ടെറ്റനസ് എന്നീ മൂന്ന് വാക്സിനുകളുടെ ചുരുക്കപ്പേരാണ് ഡിപിടി3.
2022 ല്‍ ഇന്ത്യയുടെ ഡിപിടി3 കവറേജ് 93 ശതമാനമാണ്. 2019 ലെയും 2021 ലെയും നിരക്കിനെക്കാള്‍ ഉയര്‍ന്നതാണ് 2022ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ൽ ഇത് 91 ശതമാനവും 2021ല്‍ 85 ശതമാനവുമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 23 ലക്ഷം കുട്ടികള്‍ക്ക് വാക്സിനേഷന്‍ ലഭിക്കാതെയുണ്ട്. 6.5 ലക്ഷം കുട്ടികള്‍ക്ക് ഭാഗികമായേ വാക്സിനേഷന്‍ ലഭ്യമായിട്ടുള്ളു. 2021ല്‍ ഡിപിടി വാക്സിന്‍ ആദ്യ ഡോസ് പോലും സ്വീകരിക്കാത്ത 46 ലക്ഷം കുട്ടികളുണ്ടായിരുന്നു, അതില്‍ നിന്നാണ് നിലവിലെ സംഖ്യയായ 23 ലക്ഷമായി കുറഞ്ഞിരിക്കുന്നത്. ഇതിന്‍ പ്രകാരം ഭാഗികമായി വാക്സിനേഷന്‍ സ്വീകരിച്ചിരിക്കുന്നവര്‍ 13 ലക്ഷത്തില്‍ നിന്നും 6.5 ലക്ഷമായി കുറയുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ പല മേഖലകളില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ മേഖലയാണെന്നും ഇതില്‍ സുപ്രധാനമായ പങ്ക് വഹിച്ചിരിക്കുന്നതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മെച്ചപ്പെട്ട നിലവാരം പുലര്‍ത്തി രാജ്യങ്ങള്‍
മികച്ച പ്രകടനം കാഴ്ച വച്ച രാജ്യങ്ങളില്‍ ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, ബൂട്ടാന്‍, ബംഗ്ലാദേശ്, തായ്ലാന്റ്, മാലിദ്വീപ് എന്നിവയുമുണ്ട്. ഇന്തോനേഷ്യ 2019 ന് സമാനമായ 85 ശതമാനം നിരക്കിലാണ് ഇത്തവണയുമുള്ളത്. എന്നാല്‍ 2021ലുണ്ടായിരുന്ന 67 ശതമാനത്തില്‍ നിന്നും വളരെയധികം മുന്നോട്ട് വരാന്‍ രാജ്യത്തിന് സാധ്യമായിട്ടുണ്ട്. ബൂട്ടാന്‍ 98 ശതമാനവും മാലിദ്വീപ് 99 ശതമാനവും ഡിപിടി കവറേജാണ് രേഖപ്പെടുത്തിയത്. സ്ഥിരതായാര്‍ന്ന പ്രകടനമാണ് ബംഗ്ലാദേശും തായ്ലാന്റും കവറേജില്‍ പ്രകടമാക്കിയത്. കോവിഡ്-19 പാന്‍ഡമിക്കിന് മുമ്പും ശേഷവും 98 ശതമാനവും 97 ശതമാനവുമായിരുന്നു ഇരു രാജ്യങ്ങളുടെയും വാക്സിനേഷന്‍ നിരക്ക്.
കോവിഡ് പാന്‍ഡമിക്കിന് മുന്‍പുള്ള തലത്തിലേക്ക് നിരക്കുകള്‍ മെച്ചപ്പെടുത്തിയതിന് ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ മേഖല രാജ്യങ്ങളെ അനുമോദിക്കുകയുമുണ്ടായി. പതിവ് കുത്തിവയ്പ്പിലൂടെ ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടാന്‍ ഓരോ കുട്ടിയും അര്‍ഹരാണെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളെ തിരിച്ചറിയുക, ആരോഗ്യ സേനയുടെ ശേഷി വര്‍ധിപ്പിക്കുക, ദുര്‍ബലരായ ജനങ്ങളെ നന്നായി മനസ്സിലാക്കുകയും ഇടപഴകുകയും ചെയ്യുന്നത് വഴി ഓരോ കുട്ടിയിലേക്കും എത്തിച്ചേരുന്നതിനുള്ള അനുയോജ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ രാജ്യങ്ങളും ഏജന്‍സികളും തുടരണമെന്നും അവര്‍ പറഞ്ഞു.