TMJ
searchnav-menu
post-thumbnail

TMJ Daily

സോഷ്യൽ മീഡിയയിൽ കുട്ടികളെ തിരിച്ചറിയാൻ കഴിയുന്നില്ല; നടപടി മുന്നറിയിപ്പുമായി യുകെ

28 Nov 2024   |   1 min Read
TMJ News Desk

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് കുട്ടികളാണോ എന്ന് തിരിച്ചറിയാൻ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയാ കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് യുകെയിലെ ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷൻസ് ( ഓഫ്‌കോം) അറിയിച്ചു. അടുത്തിടെ യുകെ മീഡിയ റെഗുലേറ്റർ നടത്തിയ സർവേയിൽ, സോഷ്യൽ മീഡിയയിൽ വരുന്ന എട്ട് മുതൽ പതിനേഴ് വയസ്സുവരെയുള്ള കുട്ടികളിൽ 22 ശതമാനം വരുന്ന തങ്ങൾ പതിനെട്ട് വയസ്സിൽ കൂടുതലുള്ളവർ (മുതിർന്നവർ) എന്ന് കള്ളം പറയുന്നതായി കണ്ടെത്തിയിരുന്നു.

ഓൺലൈനിൽ കുട്ടികളുടെ പ്രായം അറിയാൻ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഓഫ്‌കോമിലെ മാർക്കറ്റ് ഇൻ്റലിജൻസ് ഡയറക്ടർ ഇയാൻ മക്രേ പറഞ്ഞു. കമ്പനികൾക്ക് ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യേണ്ടതായുണ്ടെന്ന് പുതിയ കണ്ടത്തലുകൾ വ്യക്തമാക്കുന്നു. പുതിയ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് കമ്പനികൾ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇനിയും വീഴ്ചപറ്റിയാൽ അവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിക്കേണ്ടിവരുമെന്നും ഇയാൻ മക്രേ അറിയിച്ചു.

ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ കൗമാരക്കാർക്കിടയിൽ സുരക്ഷിതമാക്കാൻ ടെക് സ്ഥാപനങ്ങൾ നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ വന്നെങ്കിലും കുട്ടികൾ പ്രായപരിധി ഉയർത്തി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വളരെ കൂടുതലാണ്. അടുത്തിടെയായി കുട്ടികളോട് സംസാരിച്ചപ്പോൾ  പ്രായം കൂട്ടി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ മറുപടികളാണ് ലഭിച്ചതെന്ന് ബി ബി സി വ്യക്തമാക്കിയിരുന്നു. നമ്മുടെ പ്രായത്തെ കുറിച്ച് നുണ പറയുന്നത് വളരെ എളുപ്പമാണ്, വെരിഫിക്കേഷനില്ല, ഐഡി ചോദിക്കുന്നില്ല, പ്രതേകിച്ചു പ്രായം തെളിയിക്കുന്ന ഒന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആവശ്യപ്പെടുന്നില്ല എന്നാണ് കുട്ടികൾ പറയുന്നത്.



#Daily
Leave a comment