Photo: Facebook
കുട്ടികൾ ബഹുമാനം അർഹിക്കുന്നു; ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാർത്ത നീക്കം ചെയ്യാൻ ഉത്തരവിട്ട് ഹൈക്കോടതി
അഭിഷേക് ബച്ചന്റെയും ഐശ്വര്യ ബച്ചന്റെയും മകളായ ആരാധ്യ ബച്ചന് എതിരായ വ്യാജ ഉള്ളടക്കം അടങ്ങിയ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത് ഡൽഹി ഹൈക്കോടതി വിലക്കി. വ്യാജ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കാണ് ഡൽഹി ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. ആരാധ്യ ബച്ചന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒമ്പത് യൂ ട്യൂബ് ചാനലുകൾ പ്രചരിപ്പിച്ച വീഡിയോകൾ അടിയന്തിരമായി നീക്കം ചെയ്യാനും ഹൈക്കോടതി നിർദേശിച്ചു.
പതിനൊന്നുകാരിയായ ആരാധ്യയുടെ ഹർജി പരിഗണിച്ചാണ് ഡൽഹി ഹൈക്കോടതി ജഡ്ജി സി. ഹരിശങ്കറിന്റെ സുപ്രധാനമായ ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ അവസ്ഥകളേക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാവില്ല. ഓരോ കുട്ടിയും ബഹുമാനം അർഹിക്കുന്നു. കുട്ടികളെ അഭിമാനത്തോടെയും ആദരവോടെയുമാണ് പരിഗണിക്കേണ്ടത്. താരമൂല്യം ഉള്ളവരുടെ കുട്ടികളാണെങ്കിലും സാധാരണക്കാരുടെ കുട്ടികളാണെങ്കിലും ഇതിൽ വ്യത്യാസമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആരാധ്യക്ക് എതിരെ വ്യാജ വീഡിയോകൾ പ്രസിദ്ധീകരിച്ച ഒമ്പത് യൂട്യൂബ് ചാനലുകൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. 'ആരാധ്യ ബച്ചൻ ഗുരുതരാവസ്ഥയിൽ' 'ഇനി ഓർമ്മ' എന്നിങ്ങനെ തലക്കെട്ടോടെ വന്ന ചില വീഡിയോകൾ കഴിഞ്ഞ ദിവസം മുതൽ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിക്കുകയാണ്. ആരാധ്യയുടെ പേര് മാത്രമല്ല ബച്ചൻ കുടുംബത്തിന്റെ പേരും ചൂഷണം ചെയ്യുന്ന തരത്തിലായിരുന്നു വീഡിയോ ഉള്ളടക്കം. ഇതിനെതിരെയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ഇതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നും താൻ പ്രമുഖ വ്യക്തിയാണെന്ന് കരുതി തന്റെ മകളെ ആ പരിധിയിൽ കൊണ്ടുവരുന്നത് എന്തിനാണ് എന്നായിരുന്നു അഭിഷേക് പ്രതികരിച്ചത്. ഇത്തരം വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരുടെ വിശദാംശങ്ങൾ പരാതിക്കാരെ അറിയിക്കാനും സമാനമായ മറ്റ് വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടാൽ നീക്കം ചെയ്യണമെന്നും ഗൂഗിളിനോട് കോടതി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.
ഡൽഹി ഹൈക്കോടതി ഉത്തരവ്, മാനനഷ്ടം സ്വകാര്യത എന്നിവയിലേയ്ക്കുള്ള കടന്നുകയറ്റത്തിനെതിരെയുള്ള സുപ്രധാന തീരുമാനങ്ങളിലൊന്നാണെന്ന് കേസിലെ അഭിഭാഷകൻ അമീത് നായിക് വ്യക്തമാക്കി. ചില യൂട്യൂബ് മാധ്യമങ്ങൾ പ്രമുഖ വ്യക്തികളുടെ പേരിൽ ലാഭം കൊയ്യാൻ ശ്രമിക്കുന്നെന്നും ഇതിലൂടെ ഈ വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.