TMJ
searchnav-menu
post-thumbnail

TMJ Daily

ചൈന-അമേരിക്ക വ്യാപാര ചർച്ചകൾ രണ്ടാം ദിനവും തുടരുന്നു  

29 Jul 2025   |   2 min Read
TMJ News Desk

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ അമേരിക്കയും, ചൈനയും തമ്മിലുള്ള ദീർഘകാല സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുന്നതിനും, വർദ്ധിച്ച് വരുന്ന വ്യാപാര യുദ്ധത്തിൽ നിന്ന് പിന്മാറുന്നതിനുമായി അമേരിക്കയിലെയും, ചൈനയിലെയും ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സ്റ്റോക്ക്‌ഹോമിൽ രണ്ടാം ദിവസത്തെ ചർച്ചകൾ ആരംഭിച്ചു.

ഉദ്യോഗസ്ഥ തലത്തിലെ കൂടികാഴ്ച്ചകൾ ഉടനടി വലിയ മുന്നേറ്റങ്ങൾ നൽകിയേക്കില്ല. എന്നാൽ, മെയ് മധ്യത്തിൽ ഉണ്ടായ 90 ദിവസത്തെ താരിഫ് ഉടമ്പടി കൂടുതൽ കാലം നീട്ടുന്നതിന് ഇരുപക്ഷവും സമ്മതിച്ചേക്കാം. വർഷാവസാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന വാർത്തകളുണ്ടെങ്കിലും ട്രംപ് ചൊവ്വാഴ്ച അത് നിഷേധിച്ചു.

സ്വീഡിഷ് പ്രധാനമന്ത്രിയുടെ ഓഫീസായ റോസെൻബാദിൽ തിങ്കളാഴ്ച അഞ്ച് മണിക്കൂറിലധികം അമേരിക്കൻ, ചൈനീസ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സണുമായുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് റോസെൻബാദിൽ എത്തി. ചൈനയുടെ വൈസ് പ്രീമിയർ ഹെ ലൈഫെംഗും വേദിയിലെത്തി. ആദ്യ ദിവസത്തെ ചർച്ചകൾക്ക് ശേഷം ഇരുപക്ഷവും പ്രസ്താവനകൾ നടത്തിയില്ല.

ട്രംപിൻ്റെ ഭരണകൂടവുമായി ഒരു ദീർഘകാല താരിഫ് കരാറിലെത്താൻ ചൈനക്കുള്ള സമയപരിധി  ആഗസ്റ്റ് 12ന് അവസാനിക്കും. മെയ്-ജൂൺ മാസങ്ങളിൽ പ്രാഥമിക കരാറുകളിൽ എത്തിച്ചേർന്നതിന് ശേഷം ആഴ്ചകളോളം നീണ്ടുനിന്ന പരസ്പരം വർധിപ്പിച്ച താരിഫുകളും, അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഒരു കരാറിൽ എത്തിയില്ലെങ്കിൽ, അമേരിക്കൻ തീരുവകൾ വീണ്ടും മൂന്നക്ക നിലവാരത്തിലേക്ക് ഉയർന്ന് വ്യാപാര ഉപരോധത്തിന് തുല്യമാകുന്ന പുതിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും, അത് ആഗോള വിതരണ ശൃംഖലകളെ  ദോഷകരമായി ബാധിക്കുമെന്നുമുള്ള ആശങ്കകൾ വ്യാപകമാണ്.  

ജപ്പാനും, യൂറോപ്യൻ യൂണിയനുമായും വ്യാപാര കരാറുകളിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് സ്റ്റോക്ക്ഹോം ചർച്ചകൾ നടക്കുന്നത്.

ബീജിംഗുമായുള്ള വ്യാപാര ചർച്ചകൾ തടസ്സപ്പെടാതിരിക്കാനും, ഈ വർഷം ഷിയുമായി ഒരു കൂടിക്കാഴ്ച ഉറപ്പാക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കാനും, ചൈനയിലേക്കുള്ള സാങ്കേതിക കയറ്റുമതിയിൽ അമേരിക്ക നിയന്ത്രണങ്ങൾ നിർത്തിവച്ചതായി ഫിനാൻഷ്യൽ ടൈംസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഷിയുമായി ഒരു കൂടിക്കാഴ്ച നടത്താൻ താൻ ആഗ്രഹിക്കുന്ന വാർത്തകൾ ട്രംപ് തള്ളിക്കളഞ്ഞു. "ഇത് ശരിയല്ല, ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല! എനിക്ക് ചൈനയിലേക്ക് പോകാം, പക്ഷേ അത് പ്രസിഡന്റ് ഷിയുടെ ക്ഷണപ്രകാരം മാത്രമാണ്. അല്ലെങ്കിൽ, താൽപ്പര്യമില്ല!" അദ്ദേഹം ട്രൂത്ത് സോഷ്യലിൽ എഴുതി.

അതേസമയം, ന്യൂനപക്ഷ വിഭാഗങ്ങളോടും, വിമതരോടും, തായ്‌വാനോടുമുള്ള ചൈനയുടെ പെരുമാറ്റത്തെ വിമർശിക്കുന്ന, സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾക്കും ഊന്നൽ നൽകുന്ന ബില്ലുകൾ ഈ ആഴ്ച അവതരിപ്പിക്കാൻ അമേരിക്കയിലെ പ്രധാന പാർട്ടികളിലെയും ഒരു വിഭാഗം സെനറ്റർമാർ പദ്ധതിയിടുന്നു. സ്റ്റോക്ക്ഹോമിലെ ചർച്ചകളെ സങ്കീർണ്ണമാക്കുന്ന തരത്തിൽ സുരക്ഷയ്ക്കും, മനുഷ്യാവകാശങ്ങൾക്കും പ്രാധാന്യം നൽകുന്ന തരത്തിലാണ് ഇത്.

മെയ്, ജൂൺ മാസങ്ങളിൽ ജനീവയിലും ലണ്ടനിലും നടന്ന അമേരിക്ക-ചൈന വ്യാപാര ചർച്ചകൾ താരിഫുകൾ കുറയ്ക്കുന്നതിനും, ചൈന നിർത്തിവച്ച അപൂർവ ധാതുക്കളുടെ കയറ്റുമതി പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. എൻവിഡിഎ (NVDA), എഐ ചിപ്പുകൾക്കും മറ്റ് ഹൈടെക് ഉൽപ്പന്നങ്ങൾക്കും അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവുകൾ ഉണ്ടായി.

#Daily
Leave a comment