TMJ
searchnav-menu
post-thumbnail

TMJ Daily

സാർക്കിന് പകരം പുതിയ കൂട്ടായ്മയുമായി ചൈനയും, പാകിസ്താനും

30 Jun 2025   |   1 min Read
TMJ News Desk

സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷന് (സാർക്ക്) പകരമായി ഒരു പുതിയ പ്രാദേശിക കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള നീക്കവുമായി ചൈനയും, പാകിസ്താനും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവ ഉൾപ്പെടുന്നതാണ് സാർക്ക്.

ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള ഭിന്നതകൾ കാരണം സാർക്ക് ഏതാണ്ട് നിർജ്ജീവാവസ്ഥയിലായ സാഹചര്യത്തിലാണ് പുതിയ കൂട്ടായ്മയുമായി ചൈനയും, പാകിസ്താനും മുന്നിട്ടിറങ്ങിയതെന്ന് നയതന്ത്ര സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തി പാകിസ്താനിലെ എക്സ്പ്രസ്സ് ട്രിബ്യുൺ പത്രം റിപ്പോർട്ട് ചെയ്തു.

ചൈനയിലെ കുൻമിങ്ങിൽ പാകിസ്താൻ, ചൈന, ബംഗ്ലാദേശ് തമ്മിൽ അടുത്തിടെ നടന്ന ത്രിരാഷ്ട്ര യോഗം ഈ ദിശയിലുള്ള ഒരു തന്ത്രപരമായ ചുവടുവയ്പ്പായിരുന്നു. ജൂൺ 19ന് നടന്ന യോഗം മറ്റ് സാർക്ക് രാജ്യങ്ങൾക്ക് പുതിയ സഖ്യത്തിൽ ചേരാൻ ക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

റിപ്പോർട്ട് അനുസരിച്ച്, ചൈനയും പാകിസ്താനും ഈ നിർദ്ദേശത്തിനായി ഇന്ത്യയെ ക്ഷണിക്കാൻ പദ്ധതിയിടുന്നു. ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾക്കും ഈ പുതിയ ഗ്രൂപ്പിംഗിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കാൻ സാധ്യതയുണ്ട്.

മെച്ചപ്പെട്ട വ്യാപാരത്തിലൂടെയും, കണക്റ്റിവിറ്റിയിലൂടെയും പ്രാദേശിക സഖ്യം വളർത്തിയെടുക്കാനാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

സാർക്ക് ഉച്ചകോടി അവസാനം നടന്നത് നേപ്പാളിലെ കാഠ്മണ്ഡുവിൽ 2014ലായിരുന്നു. 2016ൽ പാകിസ്താനിലെ ഇസ്ലാമബാദിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി ജമ്മു കശ്മീരിലെ ഉറിയിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഉപേക്ഷിച്ചതിനാൽ നടന്നില്ല. ആക്രമണത്തെ തുടർന്ന് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ തയ്യാറല്ലെന്ന് അറിയിച്ചു. പിന്നീട്, ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളും ഇസ്ലാമാബാദ് യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഉച്ചകോടി റദ്ദാക്കി.





#Daily
Leave a comment